സൗത്ത് ആഫ്രിക്കയെ തിരിച്ചടിച്ച് ബംഗ്ലാദേശ് കൊടുങ്കാറ്റ്; ഷാക്കിബിനെയും തകര്‍ത്ത് തൈജുല്‍ കൊണ്ടുപോയത് ഇടിവെട്ട് റെക്കോഡ്
Cricket
സൗത്ത് ആഫ്രിക്കയെ തിരിച്ചടിച്ച് ബംഗ്ലാദേശ് കൊടുങ്കാറ്റ്; ഷാക്കിബിനെയും തകര്‍ത്ത് തൈജുല്‍ കൊണ്ടുപോയത് ഇടിവെട്ട് റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 21st October 2024, 7:10 pm

സൗത്ത് ആഫ്രിക്കയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ഷെര്‍ ഇ ബംഗ്ലായില്‍ നടക്കുന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ഇന്നിങ്സില്‍ 40.1 ഓവറില്‍ വെറും 106 റണ്‍സിനാണ് കടുവകള്‍ ഓള്‍ ഔട്ട് ആയത്.

തുടര്‍ ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് നിലവില്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ്നേടിയിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ തിരിച്ചടിനേരിട്ട കടുവകള്‍ അതേ തട്ടില്‍ നിന്ന് പ്രോട്ടിയാസിനെ തിരിച്ചടിച്ചിരിക്കുകയാണ്.

ബംഗ്ലാദേശിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെച്ചത് തൈജുല്‍ ഇസ്‌ലാമാണ്. അഞ്ച് പ്രോട്ടിയാസ് ഭീകരന്‍മാരുടെ വിക്കറ്റുകളാണ് താരം പിഴിതെടുത്തത്. ടോണി ഡി സോര്‍സി (30), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (23), ഡേവിഡ് ബെഡിങ്ഹാം (11), റിയാന്‍ റിക്കില്‍ട്ടണ്‍ (27), മാത്യു ബ്രീസ്‌ക് (0) എന്നിവരെയാണ് തൈജുല്‍ പുറത്താക്കിയത്.

ഇതിന് പുറകെ ഒരു തകര്‍പ്പന്‍ നേട്ടം കൊണ്ടുപോകാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ബംഗ്ലാദേശിന് വേണ്ടി ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് തൈജുലിന് സാധിച്ചത്. ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസമെ മറികടന്നാണ് തൈജുല്‍ ഈ നേട്ടം സ്വന്തമാക്കിയത്.

നിലവില്‍ 48 ടെസ്റ്റ് മത്സരങ്ങളിലെ 85 ഇന്നിങ്‌സില്‍ നിന്ന് 201 വിക്കറ്റുകള്‍ നേടാനാണ് താരത്തിന് സാധിച്ചത്. എന്നാല്‍ ഷാക്കിബ് തന്റെ 54ാം ടെസ്റ്റിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. കടുവകള്‍ക്ക് വേണ്ടി മറ്റാര്‍ക്കും 200 വിക്കറ്റുകള്‍ ടെസ്റ്റില്‍ നേടാന്‍ സാധിച്ചിട്ടില്ല എന്നതും കൗതുകമാണ്.

മത്സരത്തില്‍ പ്രോട്ടിയാസിന്റെ കഗീസോ റബാദയുടെയും വിയാന്‍ മുള്‍ഡറുടെയും കേശവ് മഹാരാജിന്റെയും തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന് മുമ്പില്‍ മുട്ട് കുത്തുകയായിരുന്നു കടുവകള്‍. മൂവരും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഡെയ്ന്‍ പീഡ് ഒരു വിക്കറ്റും നേടി മിന്നും പ്രകടനം നടത്തി.

ബംഗ്ലാദേശിന് വേണ്ടി കൂടുതല്‍ റണ്‍സ് നേടിയത് ഓപ്പണര്‍ മഹ്‌മുദുള്‍ ഹസന്‍ ജോയി ആണ്. ഒരു സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 30 റണ്‍സാണ് താരം നേടിയത്. ടേല്‍ എന്‍ഡ് ബാറ്റര്‍ തൈജുല്‍ ഇസ്ലാം 16 റണ്‍സും മെഹ്ദി ഹസ്ന്‍ 13 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ മറ്റാര്‍ക്കും കാര്യമായ സ്‌കോര്‍ നേടാനായില്ല.

 

Content Highlight: Taijul Islam In Great Record Achievement Against South Africa In Test Cricket