ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിനിടെ ഐ.ബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ സഹോദരന്‍ ഷാ ആലാമിനെ ദല്‍ഹി ക്രൈംബ്രാഞ്ച് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫെബ്രുവരി 26 ന് ഐ.ബി ഉദ്യോഗസ്ഥന്‍ ശര്‍മയെ കൊലപ്പെടുത്തി ചാന്ദ് ബാഗിലെ അഴുക്കുചാലില്‍ തള്ളിയെന്ന കേസില്‍ വെള്ളിയാഴ്ചയായിരുന്നു താഹിര്‍ ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസന്വേഷണത്തിനിടെ ഷാ അലാമിന്റെ പേര് കൂടി ഉയര്‍ന്നുവന്നിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഹുസൈനെ വെള്ളിയാഴ്ച സിറ്റി കോടതി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കലാപത്തിനിടെ ചന്ദ് ബാഗില്‍ കുടുങ്ങിയ ചില സ്ത്രീകളെ രക്ഷിക്കുന്നതിനിടെയാണ് ശര്‍മ കൊല്ലപ്പെട്ടതെന്ന് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
അക്രമത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഇയാള്‍ വ്യാഴാഴ്ച കോടതിയില്‍ കീഴടങ്ങുകയായിരുന്നു. തനിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നായിരുന്നു ഹുസൈന്റെ വാദം. സംഭവം നടക്കുമ്പോള്‍ താന്‍ ആ പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
മുസ്തഫാബാദിലെ ചന്ദ് ബാഗിലും ഒഖ്ലയ്ക്കടുത്തുള്ള സാക്കിര്‍ നഗര്‍ പരിസരങ്ങളിലുമായാണ് ഹുസൈന്‍ ഒളിവില്‍ താമസിച്ചിരുന്നത്.
ഫെബ്രുവരി 23 മുതല്‍ 25 വരെ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 731 കേസുകള്‍ വെള്ളിയാഴ്ച വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 400 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കേസുകള്‍ അന്വേഷിക്കുന്ന രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ (എസ്.ഐ.ടി) ഇതുവരെ 1,983 പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.