|

ജയില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി; മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ന് (ബുധന്‍) ഇന്ത്യയിലെത്തിക്കും. റാണയെ കൈമാറുന്നതിന് മുന്നോടിയായുള്ള മുംബൈ, ദല്‍ഹി ജയിലുകളിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരിക്കും കൈമാറ്റത്തിന്റെ മേല്‍നോട്ടം വഹിക്കുക. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇന്ത്യയ്ക്ക് കൈമാറരുതെന്ന റാണയുടെ അപേക്ഷ യു.എസ് സുപ്രീം കോടതി തള്ളിയത്.

വിചാരണ കോടതിയും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് റാണ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ സുപ്രീം കോടതി റാണയുടെ ആവശ്യം തള്ളുകയാണ് ചെയ്തത്. ഫെബ്രുവരി 27നാണ് തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് തഹാവൂര്‍ റാണ യു. എസ് സുപ്രീം കോടതിയില്‍ അടിയന്തിര ഹരജി നല്‍കുന്നത്.

കനേഡിയന്‍ പൗരനായ റാണയെ കൈമാറണമെന്ന് ഇന്ത്യ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഒരേ കുറ്റത്തിന് ഒരാളെ രണ്ട് തവണ വിചാരണ ചെയ്യുന്നത് നിയമവിരുദ്ധമാമെന്ന് ചൂണ്ടിക്കാട്ടി റാണ കോടതിയെ സമീപിക്കുകയായിരുന്നു. പാകിസ്ഥാന്‍ വംശജനായ താന്‍ ഒരു മുസ്‌ലിമായതിനാല്‍ ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ കടുത്ത പീഡനം ഏല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും റാണ വാദിച്ചിരുന്നു.

ഡിസംബര്‍ 16ന് യു.എസ് സോളിസിറ്റര്‍ ജനറല്‍ എലിസബത്താണ് ബി പ്രീലോഗര്‍ റാണയുടെ ഹരജി തള്ളണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്.

പിന്നാലെ ഡിസംബര്‍ 23ന് റാണയുടെ അഭിഭാഷകന്‍ ജോഷ്വ എല്‍ ഡ്രാറ്റല്‍, യു.എസ് സര്‍ക്കാരിന്റെ ശുപാര്‍ശയെ ചോദ്യം ചെയ്ത് തന്റെ റിട്ട് അംഗീകരിക്കണമെന്ന് പറഞ്ഞ് സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

എന്നാല്‍ മാര്‍ച്ചില്‍ കോടതി ഈ ഹരജി തള്ളി. തുടര്‍ന്ന് റാണ വീണ്ടും ഹരജി പുതുക്കി നല്‍കി. പ്രസ്തുത ഹരജിയാണ് യു.എസ് സുപ്രീം കോടതി തള്ളിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് തന്നെ ഇന്ത്യക്ക് കൈമാറുതെന്ന് റാണ ആവശ്യപ്പെട്ടിരുന്നത്.

2008 നവംബര്‍ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിലെ (26/11) മുഖ്യ പ്രതിയെന്ന് ഇന്ത്യ സംശയിക്കുന്ന ആളാണ് തഹാവുര്‍ റാണയെന്ന തഹാവുര്‍ ഹുസൈന്‍ റാണ. പത്തോളം ഭീകരരാണ് 60 മണിക്കൂറിലധികം മുംബൈയിലെ സുപ്രധാന മേഖലകള്‍ ഉപരോധിച്ച് ആക്രമണം നടത്തിയത്.

ഛത്രപതി ശിവാജി ടെര്‍മിനസ്, താജ് ഹോട്ടല്‍, നരിമാന്‍ ഹൗസ്, കാമ ആന്‍ഡ് ആല്‍ബെസ് ഹോസ്പിറ്റല്‍ തുടങ്ങിയ മുംബൈയിലെ പ്രമുഖ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് 10 ലഷ്‌കര്‍ ഇ.തൊയ്ബയിലെ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തുകയായിരുന്നു.

തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും പാകിസ്ഥാന്‍-അമേരിക്കന്‍ ഭീകരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ചേര്‍ന്ന് റാണ ഗൂഢാലോചന നടത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നു.

Content Highlight: Tahawwur Rana to be brought to India today

Video Stories