|

തഹാവൂര്‍ റാണ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരനായ തഹാവൂര്‍ റാണ അറസ്റ്റില്‍. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് റാണയെ ദല്‍ഹിയിലെത്തിച്ചത്.

തുടര്‍ന്ന് എന്‍.ഐ.എയുടെ ഓഫീസില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ദല്‍ഹിയിലെ പട്യാല ഹൗസ് കോടതിയിലും റാണയെ ഹാജരാക്കും. മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം റാണയെ തീഹാര്‍ ജയിലിലെ അതീവ സുരക്ഷ ബ്ലോക്കിലേക്ക് മാറ്റും.

ഇന്നലെയാണ് അമേരിക്ക തഹാവൂര്‍ റാണയെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. എന്‍.ഐ.എയുടെ പന്ത്രണ്ട് അംഗ സംഘമാണ് റാണയെ ചോദ്യം ചെയ്യുക.

അതേസമയം റാണയെ വിട്ട് കിട്ടുന്നതിനായി മുംബൈ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളായ റാണയ്‌ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, വ്യാജരേഖ ചമയ്ക്കല്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

2008 നവംബര്‍ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിലെ (26/11) മുഖ്യ പ്രതിയെന്ന് ഇന്ത്യ സംശയിക്കുന്ന ആളാണ് തഹാവൂര്‍ റാണയെന്ന തഹാവുര്‍ ഹുസൈന്‍ റാണ. പത്തോളം ഭീകരരാണ് 60 മണിക്കൂറിലധികം മുംബൈയിലെ സുപ്രധാന മേഖലകള്‍ ഉപരോധിച്ച് ആക്രമണം നടത്തിയത്.

ഛത്രപതി ശിവാജി ടെര്‍മിനസ്, താജ് ഹോട്ടല്‍, നരിമാന്‍ ഹൗസ്, കാമ ആന്‍ഡ് ആല്‍ബെസ് ഹോസ്പിറ്റല്‍ തുടങ്ങിയ മുംബൈയിലെ പ്രമുഖ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് 10 ലഷ്‌കര്‍-ഇ-തൊയ്ബയിലെ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത 10 ഭീകരരില്‍ അജ്മല്‍ കസബിനെ മാത്രമേ ജീവനോടെ പിടികൂടാന്‍ സാധിച്ചിരുന്നുള്ളു. 2012 നവംബര്‍ 21ന് കസബിനെ തൂക്കിലേറ്റി.

അന്വേഷണത്തില്‍ മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും പാകിസ്ഥാന്‍-അമേരിക്കന്‍ ഭീകരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ചേര്‍ന്ന് റാണ ഗൂഢാലോചന നടത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നു. ഭീകരാക്രമണത്തിന് റാണ  സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് ഡേവിഡ് കോള്‍മാന്‍ വെളിപ്പെടുത്തിയിരുന്നു.

ഷിക്കാഗോയില്‍ താമസിച്ചിരുന്ന പാകിസ്ഥാന്‍ വംശജനായ റാണയ്ക്ക് കനേഡിയന്‍ പൗരത്വമുണ്ട്. എന്നാല്‍ 20 വര്‍ഷത്തിലേറെയായി റാണ തന്റെ പാകിസ്ഥാന്‍ രേഖകള്‍ പുതുക്കിയിട്ടില്ലെന്ന കാണിച്ച് പാകിസ്ഥാന്‍ റാണയുമായുള്ള ബന്ധം നിഷേധിച്ച് വരികയാണ്.

2009 ഒക്ടോബറില്‍, കോപ്പന്‍ഹേഗനിലെ ഒരു പത്രസ്ഥാപനം ആക്രമിക്കാനുള്ള പദ്ധതിക്കിടയിലാണ് യു.എസ്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ റാണയെ ചിക്കാഗോയില്‍ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയതായും യു.എസ് കണ്ടെത്തി.

ഇന്ത്യയ്ക്ക് കൈമാറുന്നതിനെ ചോദ്യം ചെയ്ത് റാണ യു.എസ് കോടതികളില്‍ നിരവധി അപ്പീലുകള്‍ നല്‍കിയിരുന്നു. എന്നാല്‍ അവയെല്ലാം നിരസിക്കപ്പെട്ടു

Content Highlight: Tahawwur Rana got arrested