|

മാനനഷ്ട കേസില്‍ തെഹല്‍ക്ക ടീമിന് രണ്ട് കോടി പിഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2001ലെ ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ തെഹല്‍ക്ക ടീമിന് രണ്ട് കോടി രൂപ പിഴ വിധിച്ച് ദല്‍ഹി ഹൈക്കോടതി. പ്രതിരോധ ഇടപാടുകള്‍ക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ച് തെഹല്‍ക്ക പുറത്തുവിട്ട ഒളികാമറാ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസിലാണ് മുന്‍ സൈനിക ഉദ്യോഗസ്ഥന് നഷ്ടപരിഹാരം നല്‍കേണ്ടത്. തെഹല്‍ക്ക ഡോട്ട് കോമിനും മുന്‍ എഡിറ്റര്‍ ഇന്‍-ചീഫ് തരുണ്‍ തേജ്പാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കോടതി വിധി. ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് നീനാ ബന്‍സാല്‍കൃഷ്ണയുടേതാണ് വിധി.

വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് ഒളികാമറയിലൂടെ പ്രതിരോധ ഇടപാടിലെ അഴിമതി പുറത്തുകൊണ്ടുവന്ന സംഭവത്തില്‍ മേജര്‍ ജനറല്‍ എം.എസ്. അലുവാലിയ നല്‍കിയ പരാതിയില്‍ 22 വര്‍ഷത്തിന് ശേഷമാണ് കോടതിയുടെ വിധി.

‘ഓപ്പറേഷന്‍ വെസ്റ്റ്എന്‍ഡ്’ എന്ന പേരില്‍ 2001ല്‍ നടത്തിയ ഒളികാമറാ ഓപ്പറേഷനിലൂടെ മേജര്‍ജനറലായിരുന്ന എം.എസ്. അലുവാലിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. പ്രതിരോധ ഇടപാടുകള്‍ക്ക് അനുമതി നല്‍കാന്‍ ഓര്‍ഡിനന്‍സ് ഡയറക്ടര്‍ ജനലറായിരുന്ന എം.എസ്. അലുവാലിയ കോഴ വാങ്ങുന്നുവെന്ന് ആരോപിക്കുന്ന ഒളികാമറാ ദൃശ്യങ്ങള്‍ തെഹല്‍ക്ക പുറത്തുവിട്ടിരുന്നു.

അലുവാലിയ സൈനിക സാമഗ്രി ഇറക്കുമതി ഇടപാടുകളിലെ ഇടനിലക്കാരനാണെന്നും 50,000 രൂപ കോഴ വാങ്ങിയെന്നും അന്വേഷണത്തില്‍ തെഹല്‍ക്ക ആരോപിച്ചിരുന്നു. എന്നാല്‍ ഇത് കോടതിയില്‍ തെളിയിക്കാന്‍ തെഹല്‍ക്ക ടീമിന് കഴിഞ്ഞില്ല.

വെസ്റ്റ് എന്‍ഡ് ഇന്റര്‍നാഷണല്‍ കമ്പനിയുടെ പ്രതിനിധികളെന്ന് പറഞ്ഞാണ്
തെഹല്‍ക്ക ടീം അലുവാലിയെ സമീപിച്ചത്. അവര്‍ അലുവാലിയക്ക് 50,000 രൂപ കോഴ വാഗ്ദാനം ചെയ്യുന്നത് വീഡിയോയിലുണ്ട്. എന്നാല്‍ താന്‍ കോഴ സ്വീകരിച്ചിട്ടില്ലെന്ന അലുവാലിയ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

തെറ്റായ പ്രസ്താവന നടത്തി ജനങ്ങള്‍ക്കിടയില്‍ വൈകാരികത സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍, പ്രതിരോധ ഇടപാടുകളിലെ ക്രമക്കേട് പുറത്തുകൊണ്ടുവരുകയെന്ന പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഒളികാമറ പ്രവര്‍ത്തനം നടത്തിയതെന്ന് തെഹല്‍ക്ക കോടതിയില്‍ വാദിച്ചു.

Content Highlight: Tahalka team fined 2 crores in defamation case