ന്യൂദല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗയിലെ വിവിധ ആസനങ്ങള്‍ പരിചയപ്പെടുത്തുന്ന വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ 21 നാണ് അന്താരാഷ്ട്ര യോഗ ദിനം. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ യോഗയിലെ ത്രികോണാസനത്തിന്റെ ആനിമേറ്റഡ് വീഡിയോയാണ് മോദി പുറത്തിറക്കിയത്. ട്വിറ്ററിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്.
ഇതിന് പിന്നാലെ തടാസനത്തിന്റെ വീഡിയോയും മോദി ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.തടാസന ചെയ്യുകയാണെങ്കില്‍ ബാക്കി എല്ലാം വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുമെന്നും ഇതിനോടൊപ്പം കുറിച്ചിട്ടുണ്ട്. തടാസനത്തെ കുറിച്ചും ഇതിന്റെ ഗുണങ്ങളെകുറിച്ചും കൂടുതല്‍ അറിയൂ എന്നും ട്വിറ്ററില്‍ കുറിച്ചു.
മുന്‍പ് യോഗ മതപരമായ ചടങ്ങല്ലെന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും യോഗ അഭ്യസിക്കാമെന്നും യോഗയുടെ പേരില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും മോദി പറഞ്ഞിരുന്നു. എന്നാല്‍ മോദിക്കെതിരെ വിമര്‍ശനവുമായി കാഞ്ച ഐലയ്യ രംഗത്തെത്തിയിരുന്നു.
‘ഇന്ത്യയുടെ പ്രധാന വ്യായാമം യോഗയായിരിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. യോഗ മാത്രം ചെയ്ത് ചൈനയോട് യുദ്ധം ചെയ്യാന്‍ കഴിയുമോ? യുദ്ധസമയത്ത് ഹിമാലയന്‍-ചൈന അതിര്‍ത്തിയില്‍ ചെന്നിരുന്ന് യോഗ ചെയ്യാന്‍ ബാബാ രാംദേവിനും മോദിക്കും സാധിക്കുമോ?” എന്നായിരുന്നു വിമര്‍ശനം.