| Thursday, 29th February 2024, 5:52 pm

1993ലെ ട്രെയിൻ സ്ഫോടന പരമ്പര; മുഖ്യപ്രതി തുണ്ഡയെ കുറ്റവിമുക്തനാക്കി രാജസ്ഥാൻ പ്രത്യേക കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂർ: 1993ലെ രാജസ്ഥാൻ ട്രെയിൻ സ്ഫോടന പരമ്പര കേസിൽ അബ്ദുൽ കരീം തുണ്ഡയെ കുറ്റവിമുക്തനാക്കി രാജസ്ഥാൻ പ്രത്യേക കോടതി.

കോട്ട, കാൻപൂർ, സെക്കന്ധരാബാദ്, സൂറത്ത് എന്നിവിടങ്ങളിൽ 1993ലാണ് സ്ഫോടനം നടന്നത്. ബംഗ്ലാദേശിലേക്ക് കടന്നുകളയും മുമ്പ് 1993ൽ 40ഓളം ഇടങ്ങളിൽ സംഭവിച്ച ബോംബാക്രമണങ്ങളുടെ സൂത്രധാരൻ തുണ്ഡയാണെന്നാണ് ആരോപണം.

തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ദാവൂദ് ഇബ്രാഹീമിന്റെ അടുത്ത അനുയായി എന്ന് പറയപ്പെടുന്ന തുണ്ഡയെ കുറ്റവിമുക്തനാക്കിയത്. ലഷ്‌കർ അംഗമാണെന്ന് ആരോപിക്കപ്പെട്ട ഇയാളെ 2013ൽ ദൽഹി പൊലീസ് പിടികൂടുമ്പോൾ ഇന്ത്യ അന്വേഷിക്കുന്ന 20 കൊടുംഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു.

എന്നാൽ ഇയാൾ ലക്ഷ്കർ ഈ തൊയ്ബയുടെ ബോംബ് നിർമതാവാണ് എന്നതിന് തെളിവില്ലെന്ന് സ്പെഷ്യൽ ടെററിസ്റ്റ് ആൻഡ് ഡിസ്രപ്റ്റീവ് ആക്ടിവിറ്റീസ് (ടി.എ.ഡി.എ) കോടതി ചൂണ്ടിക്കാട്ടി.

2016ലും സമാനമായ നാല് കേസുകളിൽ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ഇയാളെ വെറുതെ വിട്ടിരുന്നു.

1996ലെ സോനിപത്ത് സ്ഫോടന കേസിൽ 2017ൽ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് ഇപ്പോൾ ജയിലിൽ കഴിയുകയാണ് ഇയാൾ. വേറെയും നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.

ഉത്തർപ്രദേശ് സ്വദേശിയായിരുന്ന ഇയാൾ ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും തീവ്രവാദികൾക്ക് ബോംബ് നിർമാണത്തിൽ പരിശീലനം നൽകിയിരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Content Highlight: TADA Court acquits Abdul Karim Tunda, main accused in 1993 Mumbai blasts

We use cookies to give you the best possible experience. Learn more