'തബ്രീസ് അന്‍സാരിയുടെത് ഹൃദയാഘാതം തന്നെ'; ആള്‍ക്കൂട്ട ആക്രമണം നടത്തിയവരുടെ കൊലക്കുറ്റം ഒഴിവാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശരിയെന്ന് ആവര്‍ത്തിച്ച് ഡോക്ടര്‍
Mob Lynching
'തബ്രീസ് അന്‍സാരിയുടെത് ഹൃദയാഘാതം തന്നെ'; ആള്‍ക്കൂട്ട ആക്രമണം നടത്തിയവരുടെ കൊലക്കുറ്റം ഒഴിവാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശരിയെന്ന് ആവര്‍ത്തിച്ച് ഡോക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th September 2019, 4:06 pm

ആള്‍ക്കൂട്ട ആക്രമത്തിന് ഇരയായി മരിച്ച തബ്രീസ് അന്‍സാരിയുടേത് കൊലപാതമല്ലെന്ന് ആവര്‍ത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സംഘത്തിലെ ഡോക്ടര്‍. അന്‍സാരി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ആവര്‍ത്തിക്കുകയാണ് ഡോക്ടര്‍. എന്‍.ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡോക്ടര്‍ ബി.മാര്‍ഡി റിപ്പോര്‍ട്ടിനെ അനുകൂലിച്ച് സംസാരിച്ചത്

‘അത് എന്റെ സ്വന്തം റിപ്പോര്‍ട്ടല്ല. അതൊരു ഡോക്ടര്‍മാരുടെ സംഘത്തിന്റെ റിപ്പോര്‍ട്ടാണ്’, അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘നോക്കൂ, അദ്ദേഹം മരിച്ചത് മര്‍ദ്ദനമേറ്റ അന്നോ അല്ലെങ്കില്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടാണെങ്കിലുമോ മരണകാരണം മര്‍ദ്ദനമേറ്റതാണെന്ന് പറയാന്‍ കഴിയില്ല. 17 ന് രാത്രിയാണ് അന്‍സാരി ആക്രമിക്കപ്പെട്ടത്. മരിച്ചത് 22ന് രാവിലെയും. ആക്രമിക്കപ്പെട്ടതിനും മരിക്കുന്ന ദിവസത്തിനുമിടയില്‍ അന്‍സാരി നടക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ജയിലിലുണ്ടായിരുന്നില്ല. പക്ഷേ, ജയിലില്‍ അദ്ദേഹത്തിന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല എന്നാണ് ഞങ്ങള്‍ അറിഞ്ഞത്’, ഡോ. ബി.മാര്‍ഡി പറഞ്ഞു.

‘ഹൃദയാഘാതത്തിന് കാരണം മാനസിക പിരിമുറുക്കമാണ്. അത് പല കാരണങ്ങളാല്‍ സംഭവിക്കാം. മര്‍ദ്ദനത്തിലേറ്റ മുറിവ് അതിന് ഒരു കാരണം മാത്രമാണ്’, ഡോക്ടര്‍ റിപ്പോര്‍ട്ടിനെ സാധൂകരിച്ച് കൂട്ടിച്ചേര്‍ത്തു.

അന്‍സാരിയുടെ ആന്തരാവയവങ്ങള്‍ക്ക് യാതൊരു കുഴപ്പവും ഇല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അന്‍സാരി മരിച്ചത് ഹൃദയാഘാതം മൂലമെന്നാണ് കഴിഞ്ഞ ദിവസം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. ഇതോടെ ആക്രമണം നടത്തിയവരുടെ പേരില്‍ ചുമത്തിയിരുന്ന കൊലക്കുറ്റം ഒഴിവാവുകയായിരുന്നു.

കുറ്റപത്രത്തിന്റെ പേരിലുണ്ടായ വിവാദമാണ് ഈ മാസം വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണം. കുറ്റപത്രത്തില്‍ 11 പ്രതികള്‍ക്കുമെതിരെ കുറ്റകരമായ നരഹത്യയാണ് പൊലീസ് എഴുതിച്ചേര്‍ത്തിരുന്നത്. ഇത് കൊലക്കുറ്റത്തിനു തുല്യമല്ലെന്നതാണ് യാഥാര്‍ഥ്യം. 12-ാം പ്രതിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്യുന്നത്.

ജൂണ്‍ 18-നാണ് അന്‍സാരിയെ മണിക്കൂറുകളോളം ക്രൂരമായി മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തത്. ജാര്‍ഖണ്ഡിലെ സെരായ്കേല ഖര്‍സാവനില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദ്ദനം ആരംഭിക്കുന്നത്.

തുടര്‍ന്ന് അന്‍സാരിയെ ആശുപത്രിയിലാക്കിയെങ്കിലും 22-ന് മരിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളിലും ഹൃദയാഘാതം മൂലമാണു മരണമെന്നാണു പറയുന്നതെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നിയമോപദേശം സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

ജൂലൈയില്‍ വന്ന ആദ്യ റിപ്പോര്‍ട്ടില്‍ തലയോട്ടിയിലെ പരിക്കിനെക്കുറിച്ച് കൃത്യമായി ഡോക്ടര്‍മാര്‍ കാര്യമായൊന്നും പറഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് മൃതദേഹം രണ്ടാമതും പോസ്റ്റ്മോര്‍ട്ടം ചെയ്യേണ്ടിവന്നത്.

തല പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു അന്‍സാരിയെന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പരാതിയില്‍ പറഞ്ഞിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു.