ശ്രീലങ്ക – ഓസ്‌ട്രേലിയ മത്സരത്തില്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ശ്രീലങ്കന്‍ താരം കുശാല്‍ പെരേരയെ റണ്‍ ഔട്ടാക്കാനുള്ള അവസരമുണ്ടായിട്ടും അത് ചെയ്യാതിരുന്ന ഓസീസ് സൂപ്പര്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ അതൃപ്തി വ്യക്തമാക്കി സൗത്ത് ആഫ്രിക്കന്‍ സ്റ്റാര്‍ സ്പിന്നര്‍ തബ്രിയാസ് ഷംസി.
മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെയായിരുന്നു മന്‍കാദിങ് എന്ന പേരില്‍ പ്രശസ്തമായ നോണ്‍ സ്‌ട്രൈക്കേഴ്‌സ് റണ്‍ ഔട്ടിലൂടെ പെരേരയെ പുറത്താക്കാന്‍ സ്റ്റാര്‍ക്കിന് അവസരമൊരുങ്ങിയത്. എന്നാല്‍ സ്റ്റാര്‍ക് വിക്കറ്റ് വീഴ്ത്താതെ ശ്രീലങ്കന്‍ താരത്തിന് വാണിങ് നല്‍കുക മാത്രമാണ് ചെയ്തത്. ആ സമയം ഒരു റണ്‍സ് മാത്രമായിരുന്നു പെരേര നേടിയത്.
എന്നാല്‍ ഇതില്‍ പ്രോട്ടീസ് ബൗളര്‍ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. കുശാല്‍ പെരേരയെ ഔട്ടാക്കണമായിരുന്നു എന്നും അതായിരുന്നു ശരിയായ കാര്യം എന്നുമായിരുന്നു ഷംസി പറഞ്ഞത്.
ഐ.സി.സി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച സംഭവത്തിന്റെ വീഡിയോക്ക് കമന്റായാണ് ഷംസി ഇക്കാര്യം പറഞ്ഞത്.
‘അവനെ റണ്‍ ഔട്ടാക്കി ശരിയായ കാര്യമെന്തോ അത് സ്റ്റാര്‍ക് ചെയ്യണമായിരുന്നു. ലൈനിന് പിന്നില്‍ നിന്നാണ് ബൗളര്‍മാര്‍ പന്തെറിയുന്നത്. അപ്പോള്‍ തങ്ങളും ലൈനിന് പിന്നില്‍ നില്‍ക്കണമെന്ന് ബാറ്റര്‍മാര്‍ക്കും അറിയാവുന്നതാണ്,’ ഷംസി കുറിച്ചു.
ജീവന്‍ ലഭിച്ച പെരേര അവസരം മുതലാക്കുകയും ടീമിന്റെ ടോപ് സ്‌കോററാവുകയുമായിരുന്നു. 82 പന്തില്‍ 78 റണ്‍സാണ് താരം നേടിയത്. ഒരുപക്ഷേ പെരേര നേരത്തെ ഔട്ടായിരുന്നെങ്കില്‍ ശ്രീലങ്ക വമ്പന്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തുമായിരുന്നു.
പെരേരക്കൊപ്പം ഓപ്പണര്‍ പാതും നിസംഗയും അര്‍ധ സെഞ്ച്വറി തികച്ചതോടെയാണ് ലങ്ക 209 എന്ന സ്‌കോറിലെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് നാല് ഓവറിനകം തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. ആറ് പന്തില്‍ 11 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറിന്റെയും അഞ്ച് പന്തില്‍ ഡക്കായി പുറത്തായ സ്റ്റീവ് സ്മത്തിന്റെയും വിക്കറ്റാണ് ഓസീസിന് നഷ്ടമായത്.
എന്നാല്‍ പിന്നാലെയെത്തിയ മാര്‍നസ് ലബുഷാനെ കൂട്ടുപിടിച്ച് മിച്ചല്‍ മാര്‍ഷ് സ്‌കോര്‍ ഉയര്‍ത്തി. 51 പന്തില്‍ 52 റണ്‍സ് നേടിയ മാര്‍ഷ് റണ്‍ ഔട്ടായും 60 പന്തില്‍ 40 റണ്‍സ് നേടിയ ലബുഷാന്‍ മധുശങ്കക്കും വിക്കറ്റ് നല്‍കി മടങ്ങി.
എന്നാല്‍ അഞ്ചാമനായി ഇറങ്ങിയ ജോസ് ഇംഗ്ലിസും ഫിനിഷറുടെ റോളില്‍ ഇറങ്ങിയ ഗ്ലെന്‍ മാക്സ്‌വെല്ലും മത്സരം ഓസീസിന് അനുകൂലമാക്കുകയായിരുന്നു. 2023 ലോകകപ്പില്‍ കങ്കാരുക്കളുടെ ആദ്യ വിജയമാണിത്.
ഒക്ടോബര്‍ 20നാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം. ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.
Content Highlight: Tabraiz Shamsi unhappy with Mitchell Starc for not running out Kusal Perera at non strikers end