ഇന്ത്യന്‍ ആരാധകര്‍ എന്നെയും കുടുംബത്തെയും അപമാനിച്ചു; വെളിപ്പെടുത്തലുമായി സൗത്ത് ആഫ്രിക്കന്‍ താരം
Football
ഇന്ത്യന്‍ ആരാധകര്‍ എന്നെയും കുടുംബത്തെയും അപമാനിച്ചു; വെളിപ്പെടുത്തലുമായി സൗത്ത് ആഫ്രിക്കന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th December 2023, 11:33 am

ഇന്ത്യ-സൗത്ത് ആഫ്രിക്ക മൂന്ന് ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ തനിക്കും തന്റെ കുടുംബത്തിനും നേരെ അധിക്ഷേപം ഉന്നയിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ സ്പിന്നര്‍ തബ്രായിസ് ഷംസി.

രണ്ടാം ടി-20യില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷമുള്ള ഷംസിയുടെ സെലിബ്രേഷന്‍ ആയിരുന്നു ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചത്. സൂര്യയുടെ വിക്കറ്റ് നേടിയതിന് പിന്നാലെ തന്റെ ഷൂ ഊരി കയ്യില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു ഷംസിയുടെ സെലിബ്രേഷന്‍ ഇതിന് പിന്നാലെ ഈ സെലിബ്രേഷന്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് സൂര്യകുമാര്‍ യാദവനോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചുകൊണ്ട് ആരാധകര്‍ ഷംസിക്കെതിരെ തിരിഞ്ഞത്.

‘ചില വ്യക്തികള്‍ എന്റെ ആ സെലിബ്രേഷന്‍ നിഷേധാത്മകമായാണ് മനസിലാക്കിയത്. ഇതിനുശേഷം പല ആരാധകരില്‍ നിന്നും മോശമായ വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപങ്ങള്‍ ഞാന്‍ കേട്ടു. ഒരുപക്ഷേ എന്റെ ജീവിതാനുഭവത്തില്‍ വെച്ച് ഏറ്റവും മോശമായ കാര്യമായിരുന്നു ഇത്. ഞാന്‍ മാത്രമല്ല എന്റെ പങ്കാളി പോലും ഇത് നേരിടുകയുണ്ടായി.

താരങ്ങളെ വിമര്‍ശിക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് മനസ്സിലാക്കാം. എന്നാല്‍ കുടുംബങ്ങളെ അതിലേക്ക് കൊണ്ടുവരുകയും അവര്‍ക്കെതിരെ വേദനിപ്പിക്കുന്ന വാക്കുകള്‍ പറയുന്നതെല്ലാം ഇതിന്റെ പരിധി ലംഘിക്കുന്നതാണ്. കളിക്കളത്തില്‍ എപ്പോഴും വിജയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ചില കാര്യങ്ങളില്‍ പലര്‍ക്കും വിയോജിപ്പുകള്‍ ഉണ്ടാവും. പക്ഷേ നമ്മള്‍ എല്ലാവരോടും പരസ്പര ബഹുമാനത്തോടുകൂടി പെരുമാറണം,’ ഷംസി ക്രിക്ക്ബസിനോട് പറഞ്ഞു.

അതേസമയം മൂന്നു മത്സരങ്ങളുടെ ടി-20 പരമ്പര 1-1 സമനിലയില്‍ പിരിയുകയായിരുന്നു. ആദ്യമത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ സൗത്ത് ആഫ്രിക്ക അഞ്ചു വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യയെ തകര്‍ത്തത്. എന്നാല്‍ അവസാന മത്സരത്തില്‍ ഇന്ത്യ 105 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കി പരമ്പര സമനിലയില്‍ ആക്കുകയായിരുന്നു.

Content Highlight: Tabraiz Shamsi talks about indian cricket fans.