ചെന്നൈ: തബ്‌ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ തമിഴ്നാട്ടില്‍ നിന്നും പങ്കെടുത്ത 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്ക് പരിശോധനകളൊന്നും നടന്നിട്ടില്ലെന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യത്തില്‍ ദൃശ്യത്തില്‍ വ്യക്തമാകുന്നത്.
സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് വ്യാപകമായി കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം സന്നദ്ധരായി പരിശോധിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഈ 18 പേര്‍ക്കും കൊവിഡ് പോസിറ്റീവ് ആയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഇതുവരെ പരിശോധനപോലും നടത്തിയിട്ടില്ല എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മേടവാക്കം, പള്ളികര്‍ണായി എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള 18 പേരാണ് ചെങ്കല്‍പ്പട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിയത്. എന്നാല്‍ ഇതു സംബന്ധിച്ച് ഫേസ്ബുക്കില്‍ കണ്ട ദൃശ്യങ്ങള്‍ പ്രകാരം ഇവര്‍ ആശുപത്രിയില്‍ മുഴുവന്‍ ദിവസം കാത്തിരുന്നിട്ടും ഒരു മെഡിക്കല്‍ ടെസ്റ്റും എടുത്തിട്ടില്ല.
ഈ 18 പേരും സാമൂഹിക അകലം പാലിക്കാതെയും യാതൊരു സുരക്ഷാ മുന്‍കരുതലുകളുമെടുക്കാതെയും വാര്‍ഡില്‍ കാത്തിരിക്കുന്നത് ദൃശ്യത്തില്‍ കാണാവുന്നതാണ്. അവര്‍ക്ക് ഒരു ചികിത്സയും ആശുപത്രിയില്‍ നിന്ന് നല്‍കിയിട്ടില്ല എന്ന സൂചനയാണ് ദൃശ്യങ്ങളില്‍ നിന്ന് ലഭിക്കുക.
ഇവര്‍ അധികൃതരെ വിവരം അറിയിക്കുകയും അവരോട് രാവിലെ 10മണിക്ക് മേടവാക്കത്തെ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയും അവിടെ നിന്ന് ആംബുലന്‍സില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോയെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.
അതേസമയം രക്ത സാമ്പിളുപോലും എടുക്കാതെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അവരുടെ ബന്ധുക്കള്‍ക്കും അയല്‍വാസികള്‍ക്കിടയിലുമൊക്കെ ഭീതി പടര്‍ത്തുമെന്ന് ദൃശ്യം ചിത്രീകരിച്ചയാള്‍ പറയുന്നു.
നിസാമുദ്ദീന്‍ മര്‍കസിലെ തബ് ലീഗ് ജമാഅത്ത് കോണ്‍ക്ലേവില്‍ പങ്കെടുത്ത ആളുകളോട് വൈറസ് പരിശോധനയ്ക്കായി സ്വമേധയാ മുന്നോട്ട് വരാന്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയും ആരോഗ്യ സെക്രട്ടറി ബീല രാജേഷും ആവശ്യപ്പെട്ടിരുന്നു.
സമ്മേളനത്തില്‍ തമിഴ്നാട്ടില്‍ നിന്നും 500ലധികം പേര്‍ പങ്കെടുത്തതായി പറയപ്പെടുന്നു. മുന്നൂറോളം വിദേശികളും പങ്കെടുത്തു.