| Thursday, 2nd April 2020, 7:57 am

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 8000 പേരെ യുദ്ധകാലടിസ്ഥാനത്തില്‍ കണ്ടെത്തുന്നു; 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 437 പേര്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ നിസാമുദ്ദീനില്‍ വെച്ച് നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ 8000ത്തോളം പേരെ കണ്ടെത്താന്‍ കേന്ദ്രം. ഇവരെ കണ്ടെത്താന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും കേന്ദ്രം അറിയിച്ചു.

രാജ്യത്ത് തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് വലിയ തോതില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചതെന്ന് ആരോഗ്യവകുപ്പ് ജോ. സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സമ്മേളനത്തിലുണ്ടായിരുന്നവര്‍ യാത്ര ചെയ്ത ആറ് ട്രെയിനുകളിലെ യാത്രക്കാരെ നിരീക്ഷിക്കാനും കേന്ദ്രം തീരുമാനിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 437 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 389 പേരും നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1834 ആയി ഉയര്‍ന്നു.

സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മടങ്ങിയ ആറു ട്രെയിനുകളിലെ സഹയാത്രക്കാരുടെ പട്ടിക തയ്യാറാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. 20 സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കുമാണ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മടങ്ങിയത്.

രാജ്യത്ത് ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ച ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ബുധനാഴ്ചയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ആന്ധ്രാപ്രദേശില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 87 പേരില്‍ 64 പേരും നിസാമുദീനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് സ്ഥിരീകരിച്ചു. ഇവരുമായി ഏറ്റവും അടുത്ത് ഇടപഴകിയ ആറ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം നിസമുദ്ദീനിലെ മര്‍ക്കസില്‍ നിന്നും 2700 ഓളം പേരെ ഒഴിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലും അല്ലാത്തവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.

We use cookies to give you the best possible experience. Learn more