ജയ്പൂര്‍: രാജസ്ഥാനില്‍ ബംഗാളി യുവാവിനെ മഴുകൊണ്ട് വെട്ടി തീകൊളുത്തി കൊന്ന കേസിലെ പ്രതിയുടെ ടാബ്ലോ നവമി ആഘോഷങ്ങള്‍ക്കിടെ രഥത്തിലേറ്റി അവതരിപ്പിച്ചു. കയ്യില്‍ മഴുവുമേന്തി സിംഹാസനത്തില്‍ ഇരിക്കുന്ന തരത്തിലാണ് ടാബ്ലോ അവതരിപ്പിച്ചതെന്ന് ആജ്തക് ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ശംഭുലാലിന് സമീപം “ഹിന്ദു സഹോദരങ്ങളേ ഉണരൂ, നമ്മുടെ സഹോദരിമാരേയും പെണ്‍മക്കളെയും രക്ഷിക്കൂ” എന്ന് എഴുതി വെച്ചിട്ടുമുണ്ട്.
ജോധ്പൂരില്‍ മുസ്‌ലിം ചെറുപ്പക്കാര്‍ ഹിന്ദു പെണ്‍കുട്ടികളെ വിവാഹം കഴിക്കുകയാണെന്നും മതംമാറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിനെതിരെ പ്രചാരണം നടത്താനാണ് ശംഭുലാലിനെ വെച്ച് ടാബ്ലോ അവതരിപ്പിച്ചതെന്നും ടാബ്ലോ അവതരിപ്പിച്ച ഹരിസിങ് റാത്തോഡ് പറഞ്ഞു.
ഹിന്ദുപെണ്‍കുട്ടികളെ വഴി തെറ്റിക്കുന്ന സാഹചര്യത്തില്‍ ശംഭുലാല്‍ ചെയ്തത് ശരിയാണെന്നും അദ്ദേഹത്തിന് നീതി ലഭിക്കുമെന്നും റാത്തോഡ് പറഞ്ഞു.
ഡിസംബര്‍ ആറിനാണ് ലൗജിഹാദ് ആരോപിച്ച് അഫ്രാസുല്‍ എന്ന മുസ്ലിം യുവാവിനെ ശംഭുലാല്‍ മഴു കൊണ്ട് കുത്തിവീഴ്ത്തിയ ശേഷം തീകൊളുത്തി കൊന്നത്. പിടിയിലായ ശംഭുലാലിന്റെ കുടുംബത്തിന് വേണ്ടി വലതുപക്ഷ സംഘടനകള്‍ ധനശേഖരണമടക്കം നടത്തിയിരുന്നു. ശംഭുലാലിന്റെ ഭാര്യ സീതയുടെ പേരില്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂന്ന് ലക്ഷം രൂപയാണ് എത്തിയത്.
ജയിലില്‍ വെച്ചും ശംഭുലാല്‍ വര്‍ഗീയ പ്രചരണം നടത്തുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ശംഭുലാലിന് വേണ്ടി നടത്തിയ പ്രകടനത്തിനിടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ജില്ലാ സെഷന്‍സ് കോടതിക്ക് മുകളില്‍ കാവിക്കൊടി കെട്ടുകയും ചെയ്തിരുന്നു.