| Saturday, 8th August 2020, 12:15 pm

'ലാന്റിംഗ് സുരക്ഷിതമല്ലെന്ന് ഒന്‍പത് വര്‍ഷം മുമ്പ് മുന്നറിയിപ്പ് നല്‍കി, ജീവന്‍ പൊലിഞ്ഞിട്ടുണ്ടെങ്കില്‍ അത് കൊലപാതകമാണ്'; ക്യാപ്റ്റന്‍ രംഗനാഥന്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അപകട ഭീഷണിയുയര്‍ത്തുന്ന ടേബിള്‍ ടോപ് വിമാനത്താവളത്തിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായ കരിപ്പൂര്‍ വിമാനത്താവളം. സമുദ്ര നിരപ്പില്‍ നിന്നും 104 മീറ്റര്‍ ഉയരത്തിലാണ് ഈ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

18 പേരുടെ ജീവനെടുത്ത അപകടത്തിലൂടെ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷാ കാര്യങ്ങള്‍ കൂടി ചര്‍ച്ചയാകുകയാണ്.

ബോയിംഗ് 777, എയര്‍ബസ് A330 ജെറ്റുകള്‍ തുടങ്ങിയ വലിയ അന്താരാഷ്ട്ര വിമാനങ്ങളൊന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ ലാന്റ് ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ട് ഇറക്കാറില്ല.

ലാന്റ് ചെയ്യാന്‍ സുരക്ഷിതമായ വിമാനത്താവളമല്ല കോഴിക്കോട്ടുള്ളതെന്ന് താന്‍ ഒന്‍പത് വര്‍ഷം മുന്നേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് എയര്‍ സേഫ്റ്റി വിദഗ്ധനായ ക്യാപ്റ്റന്‍ രംഗനാഥന്‍ പറയുന്നത്.

‘റണ്‍വേയ്ക്ക് താഴേക്ക് കുത്തനെയുള്ള ചെരിവാണ്. ഒട്ടും സുരക്ഷിതമല്ല. അവര്‍ക്ക് ഒന്‍പത് വര്‍ഷം മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അതിന്റെ തെളിവുകളും നല്‍കിയിരുന്നതാണ്. എന്നാല്‍ വിമാനത്താവളം സുരക്ഷിതമാണെന്ന് കാണിച്ച് പ്രവര്‍ത്തനം തുടരുകയായിരുന്നു,’ ക്യാപ്റ്റന്‍ രംഗനാഥന്‍ പറയുന്നു.

2020ല്‍ അപകടമുണ്ടാവുമെന്ന് പ്രവചിച്ചിരുന്ന വിമാനത്താവളങ്ങളില്‍ ഒന്നാണ് കരിപ്പൂര്‍ വിമാനത്താവളമെന്നും അദ്ദേഹം പറഞ്ഞു.

‘അവിടെ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞിട്ടുണ്ടെങ്കില്‍ അത് കൊലപാതകമാണ്, ക്രിമിനല്‍ കുറ്റമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോയിംഗ് 737 വിമാനമാണ് കഴിഞ്ഞ ദിവസം റണ്‍വേയില്‍ നിന്നും തെന്നിമാറി കഷ്ണമായി ചിതറിയത്.

റണ്‍വേയ്ക്ക് ഇരുപുറവുമായി 200 അടി താഴ്ചയുള്ള ചെരിവുകളുമുണ്ടെന്നും അദ്ദേഹം പറയുന്നു.

‘200 അടി താഴ്ചയുള്ള ചരിവുകളും റണ്‍വേയ്ക്ക് ഇരുപുറവുമായി അവിടെയുണ്ട്. അത് നല്ല ആഴത്തിലുള്ളതാണ്. അവിടെ എയര്‍ലൈനുകള്‍ പ്രവര്‍ത്തിക്കുന്നത് തീര്‍ത്തും അന്ധമായാണ്,’ കാപ്റ്റന്‍ പറയുന്നു.

അതേസമയം വിമാനത്തില്‍ നിന്നും ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ കൂടി പുറത്തെടുക്കാനുള്ള പരിശ്രമത്തിലാണ്. ഇതുകൂടി ലഭിച്ചാല്‍ അപകടവുയി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

കുട്ടികളടക്കം നിരവധി പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചിട്ടുണ്ട്. 191 പേരുമായി ദുബായില്‍ നിന്നും പറന്ന വിമാനമാണ് കഴിഞ്ഞ ദിവസം രാത്രി അപകടത്തില്‍പ്പെട്ടത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more