| Sunday, 8th April 2018, 7:10 pm

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിതകള്‍; ടേബിള്‍ ടെന്നീസില്‍ സ്വര്‍ണ്ണം; ഏഴു സ്വര്‍ണ്ണവുമായി ഇന്ത്യ നാലാം സ്ഥാനത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ വനിതാ ടേബില്‍ ടെന്നീസ് ടീം. കരുത്തരായ സിംഗപ്പൂരിനെ 3-1നു അട്ടിമറിച്ച് ഇന്ത്യന്‍ വനിതകള്‍ ആദ്യമായി ടേബിള്‍ ടെന്നീസില്‍ സ്വര്‍ണ്ണം നേടി.

മാണിക ബത്ര, മൗമാ ദാസ്, മാധുരിക പട്കര്‍ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയതത്. സിംഗപ്പൂര്‍ വെള്ളി നേടിയപ്പോള്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് വെങ്കലം നേടി. നേരത്തെ 2010 ല്‍ ന്യൂദല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ എത്തിയിരുന്നു. എന്നാല്‍ സ്വര്‍ണ്ണം നേടാന്‍ ഈ സംഘത്തിനു കഴിഞ്ഞിരുന്നില്ല.

ഇതോടെ ഇന്ത്യയടെ സ്വര്‍ണ മെഡല്‍ സമ്പാദ്യം ഏഴായി ഉയര്‍ന്നു. ഇന്ന് മാത്രം മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. ഇന്ത്യയുടെ മൂന്നു സ്വര്‍ണവും വനിതാതാരങ്ങളാണ് നേടിയത്.

നേരത്തെ 94 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ വികാസ് ഠാക്കൂര്‍ വെങ്കലം നേടിയിരുന്നു. 351 കിലോ ഉയര്‍ത്തിയാണ് വികാസിന്റെ മെഡല്‍ നേട്ടം. മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടിയ പതിനാറുകാരി മനു ഭേക്കറാണ് ഇന്ത്യയുടെ ആറാമത്തെ സ്വര്‍ണ്ണം നേടിയത്. ഈയിനത്തില്‍ രണ്ടാംസ്ഥാനവും ഇന്ത്യയ്ക്ക് തന്നെയായിരുന്നു. ഇന്നലെ നടന്ന പുരുഷന്‍മാരുടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ശിവലിംഗവും, രാഗാല വെങ്കട്ട് രാഗാലയും ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ്ണം നേടിയിരുന്നു.

വനിതകളുടെ 48 കിലോഗ്രാം ഭാരദ്വാഹനത്തില്‍ മീരാബായി ചാനുവാണ് ആദ്യ സ്വര്‍ണ്ണം ഇന്ത്യയിലെത്തിച്ചത്. ഗെയിംസ് റെക്കോഡോടെയായിരുന്നു ചാനു സ്വര്‍ണ്ണം നേടിയത്. സ്നാച്ചിലെ ആദ്യ ശ്രമത്തില്‍ 80 കിലോ ഉയര്‍ത്തിയ ചാനു പിന്നീടുള്ള ശ്രമങ്ങളില്‍ 84 കിലോയും മൂന്നാം ശ്രമത്തില്‍ 86 കിലോയും ഉയര്‍ത്തി. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോ ഉയര്‍ത്തിയും ചാനു റെക്കോര്‍ഡിട്ടു. ഇരു വിഭാഗങ്ങളിലുമായി 196 കിലോ ഉയര്‍ത്തിയാണ് ചാനു സ്വര്‍ണം സ്വന്തം പേരില്‍ കുറിച്ചത്.

ഇന്ത്യക്കായി വ്യക്തിഗത ഇനങ്ങളില്‍ മാത്രം 225 താരങ്ങള്‍ മത്സരിക്കുന്നുണ്ട്. 2014 ല്‍ 64 മെഡലുകള്‍ നേടിയ ഇന്ത്യ ഇത്തവണ മികച്ച മെഡല്‍ക്കൊയ്ത്ത് നടത്തുമെന്ന പ്രതീക്ഷയിലാണ് ആസ്‌ട്രേലിയയിലെത്തിയിട്ടുള്ളത്.

We use cookies to give you the best possible experience. Learn more