കൈരാന: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൈരാനയില്‍ വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ ഇ.വി.എം തകരാറുകള്‍ റിപ്പോര്‍ട്ടു ചെയ്തതിനു പിന്നാലെ പരാതിയുമായി ആര്‍.എല്‍.ഡി. തെരഞ്ഞെടുപ്പു കമ്മീഷനാണ് ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥി തബസും ഹസന്‍ പരാതി നല്‍കിയത്.
ഏതൊക്കെ മേഖലകളില്‍ ഇ.വി.എം തകരാറിലായി എന്നതുള്‍പ്പെടെ വിശദമായ പരാതിയാണ് അവര്‍ നല്‍കിയത്.
ഇ.വി.എം തകരാറിനു പിന്നില്‍ ബി.ജെ.പിയാണെന്നും അവര്‍ ആരോപിച്ചു. ” എല്ലായിടത്തും മെഷീനുകള്‍ കേടുവരുത്തിയിരിക്കുന്നു. മുസ്‌ലിം ദളിത് ഭൂരിപക്ഷ മേഖലകളില്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ട ഇ.വി.എമ്മുകള്‍ക്ക് പകരം ഇ.വി.എമ്മുകള്‍ മാറ്റി നല്‍കുന്നില്ല. ബി.ജെ.പി കരുതുന്നത് ഇതുവഴി അവര്‍ക്ക് തെരഞ്ഞെടുപ്പു ജയിക്കാമെന്നാണ്. അത് നടക്കില്ല.” തബസും ഹസന്‍ പറഞ്ഞു.
യു.പിയിലെ കൈരാന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ നിരവധി ഇടങ്ങളിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് വോട്ടിങ് തടസപ്പെട്ടത്. ശാംലി ജില്ലയില്‍ പല ബൂത്തുകളിലും ഇ.വി.എം തകരാറായി. വി.വിപാറ്റ് തകരാറിനെ തുടര്‍ന്ന് കൈരാനയിലെ പബ്ലിക് ഇന്റര്‍ കോളജിലെ വോട്ടിങ്ങും നിര്‍ത്തിവെച്ചു.
കേടായ ഇ.വി.എമ്മുകള്‍ക്ക് പകരം ഇ.വി.എമ്മുകള്‍ എത്തിക്കാന്‍ വൈകുന്നതിനാല്‍ വോട്ടര്‍മാര്‍ മണിക്കൂറോളം കാത്തിരുന്നശേഷം രോഷാകുലരായി മടങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കനത്ത സുരക്ഷയാണ് വോട്ടെടുപ്പിന്റെ ഭാഗമായി കൈരാനയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2013ല്‍ 62 പേര്‍ കൊല്ലപ്പെടാനിടയാക്കിയ മുസാഫിര്‍ നഗര്‍ കലാപം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായിരുന്നു ഇത്.
21 കമ്പനി സി.ആര്‍.പി.എഫും അഞ്ച് കമ്പനി പി.എ.സി സേനയും 60000 യു.പി പൊലീസുമാണ് സുരക്ഷയ്ക്കായി വിന്യസിക്കപ്പെട്ടത്.
16,09628 വോട്ടര്‍മാരാണ് കൈരാനയില്‍ ആകെയുള്ളത്. ഇതില്‍ 873120 പുരുഷന്മാരും 736431 സ്ത്രീകളുമുണ്ട്. 77 പേര്‍ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ടവരാണ്.