മുംബൈ: ദേശീയ വാര്‍ത്ത മാധ്യമങ്ങള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി തപ്‌സി പന്നു. ഒക്ടോബര്‍ 15 ന് തിയ്യേറ്ററുകള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കുമെന്നതിനാല്‍ ഇനി ആളുകളെ വിനോദിപ്പിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് തിരികെ എടുക്കാമെന്നാണ് തപ്‌സിയുടെ ട്വീറ്റ്.
‘ 50 ശതമാനം ആളുകളെ കയറ്റി തിയ്യേറ്ററുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. ഇനി ചില ന്യൂസ് ചാനലുകള്‍ യഥാര്‍ത്ഥ വാര്‍ത്തകള്‍ക്കായി 50 ശതമാനം കൂടി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താങ്ക് യൂ ഗയ്‌സ്, വിനോദത്തിന്റെ കോട്ടയെ ഞങ്ങള്‍ക്കു പകരം കുറേ സമയം നിങ്ങള്‍ പിടിച്ചു നിര്‍ത്തി. ഇനി ഞങ്ങള്‍ക്കത് തിരിച്ചെടുക്കാം,’ തപ്‌സി ട്വീറ്റ് ചെയ്തു.
നേരത്തെ നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന കേസന്വേഷണത്തില്‍ മാധ്യമങ്ങള്‍ നടി റിയ ചക്രബര്‍ത്തിക്കെതിരെ നടത്തിയ ആക്രമണത്തെയും സുശാന്ത് കേസുമായി ബന്ധപ്പെട്ട് വന്ന നിരന്തര വ്യാജ പ്രചരണങ്ങള്‍ക്കെതിരെയും തപ്‌സി പന്നു രംഗത്തു വന്നിരുന്നു. ഒപ്പം സ്വജനപക്ഷപാത ആരോപണങ്ങളുടെ പേരില്‍ ചില താരങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെയും തപ്‌സി വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞ ദിവസം തപ്‌സിയെ അഭിനന്ദിച്ച് പ്രമുഖ ഫിലിം ജേര്‍ണലിസ്റ്റ് അനുപമ ചോപ്ര രംഗത്തെത്തിയിരുന്നു.
ബോളിവുഡ് യുവനിരയിലെ മികച്ച നടിമാരിലൊരാളാണ് തപ്സിയെന്നും തന്റെ അഭിപ്രായം തുറന്നു പറയാന്‍ ഭയമില്ലാത്ത തപ്സിയുടെ രീതി തനിക്ക് വളരെ ഇഷ്ടമാണെന്നും അനുപമ ചോപ്ര പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ ലേഖനത്തിലാണ് അനുപമയുടെ പരാമര്‍ശം.
‘ ബോളിവുഡിലെ വളരെ മികച്ച ഒരു നടിയാണ് തപ്സി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഹിന്ദി സിനിമ മേഖലയില്‍ തന്റേതായ ഒരിടം അവര്‍ നേടി. 2016 ല്‍ പിങ്ക് എന്ന സിനിമയില്‍ തുടങ്ങി കുറഞ്ഞ ബജറ്റിലൊരുങ്ങുന്ന ശക്തമായ സന്ദേശമുള്ള സിനിമകളുടെ ചാലക ശക്തിയായി അവര്‍ മാറി,’ അനുപമ ചോപ്ര പറഞ്ഞു.ഒപ്പം തപ്സിയുടെ ഥപ്പഡ്, നാം ഷബാന, മുള്‍ക്, സാന്ദ് കീ ആഖ് എന്നീ സിനിമകളെയും അനുപമ ചോപ്ര പരാമര്‍ശിച്ചു. നിരന്തമായി സൈബര്‍ ആക്രമണം നേരിട്ടിട്ടും തന്റെ അഭിപ്രായം തുറന്നു പറയാന്‍ മടിക്കാത്ത തപ്സിയുടെ ധൈര്യത്തെയും അനുപമ പ്രശംസിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക