| Monday, 26th April 2021, 3:01 pm

ഷട്ട് അപ്പ്, ഈ രാജ്യം ഒന്ന് സ്വസ്ഥമായി ശ്വസിച്ചോട്ടെ ആദ്യം; അതുവരെ ഇമ്മാതിരി വൃത്തികെട്ട കമന്റുകളുമായി വന്നേക്കരുത്; തപ്‌സി പന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: കൊവിഡ് 19 രണ്ടാം തരംഗം രാജ്യത്ത് ശക്തമായതിന് പിന്നാലെ പല താരങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുവന്നിരിക്കുകയാണ്. നടി തപ്‌സി പന്നുവും കൊവിഡ് 19 ബാധിച്ച് കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായി മുന്‍പന്തിയിലുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തപ്‌സി പന്നുവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രധാനമായും വരുന്നത് ഓക്‌സിജന്‍ സിലണ്ടറുകളും ആംബുലന്‍സുകളും ആവശ്യപ്പെടുന്നവരുടെ മെസേജുകളുടെ ട്വീറ്റും റിട്വീറ്റുകളുമാണ്. ഇതിനിടയില്‍ നടിയുടെ പ്രവര്‍ത്തനങ്ങളെ അധിക്ഷേപിച്ച് ഒരു കമന്റും പ്രത്യക്ഷപ്പെട്ടിരുന്നു.

വെറുതെ ട്വിറ്ററില്‍ എന്തെങ്കിലും പറഞ്ഞിരിക്കാതെ സ്വന്തം കാറൊക്കെ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ നോക്കൂവെന്നായിരുന്നു ഈ കമന്റ്. ഇതിന് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് നടി.

‘ഷട്ട് അപ്പ്. ഒന്നു വായയടിച്ചിരിക്കാന്‍ പറ്റുമോ നിങ്ങള്‍ക്ക്. ഇപ്പോഴും നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെയാണോ സംസാരിക്കാന്‍ തോന്നുന്നത്. ഈ രാജ്യം ഒന്ന് സ്വസ്ഥമായി ശ്വസിച്ചോട്ടെ ആദ്യം. അതുവരെ ഇങ്ങനത്തെ ബോധമില്ലാത്ത വര്‍ത്തമാനങ്ങളുമായി വന്ന് എന്റെ ടൈംലൈന്‍ നിറയ്ക്കരുത്. ഞാന്‍ എന്തോണോ ചെയ്യുന്നത്, അത് ചെയ്യാന്‍ അനുവദിക്കണം,’ തപ്‌സി ട്വീറ്റ് ചെയ്യുന്നു. തപ്‌സിയുടെ മറുപടി വന്നതിന് പിന്നാലെ നേരത്തെ അധിക്ഷേപ കമന്റിട്ടയാള്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,52,991 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2812 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

2,19,272 പേര്‍ ഡിസ്ചാര്‍ജ് ആവുകയും ചെയ്തു. ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 17313163 ആയി ഉയര്‍ന്നു. 28,13,658 ആക്ടീവ് കേസുകളാണുള്ളത്. 1,95,123 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.


Content Highlight: Taapsee Pannu slams a Twitter troll

We use cookies to give you the best possible experience. Learn more