500 രൂപ മുടക്കി ഞങ്ങളെ തിയേറ്ററില്‍ പോയി കാണും, എന്നാല്‍ താമസിക്കാന്‍ വീട് നല്‍കില്ല: തപ്സി പന്നു
Bollywood
500 രൂപ മുടക്കി ഞങ്ങളെ തിയേറ്ററില്‍ പോയി കാണും, എന്നാല്‍ താമസിക്കാന്‍ വീട് നല്‍കില്ല: തപ്സി പന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th June 2019, 1:51 pm

മുംബൈ: നടിയാണെന്നതുകൊണ്ടുമാത്രം വാടകയ്ക്ക് വീട് കിട്ടാന്‍ പ്രയാസമായിരുന്നു എന്ന് ബോളിവുഡ് നടി തപ്സി പന്നു. ഞങ്ങളെ തിയേറ്ററില്‍ കാണാന്‍ 500 രൂപ മുടക്കുമെന്നും എന്നാല്‍ താമസിക്കാന്‍ വീട് നല്‍കില്ലെന്നും തപ്‌സി പറഞ്ഞു.

‘ഏറ്റവും പ്രശ്നം ഒരു വീട് കിട്ടാനായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന നടിമാര്‍ക്ക് വീട് തരാന്‍ ആരും തയ്യാറല്ല. ഞങ്ങള്‍ ചെയ്യുന്ന ജോലിയില്‍ അവര്‍ക്ക് വിശ്വാസമില്ലാത്തതാണ് കാരണം’- തപ്‌സി പറഞ്ഞു.

‘അഞ്ഞൂറ് രൂപ വരെ മുടക്കി അവര്‍ ഞങ്ങളെ തിയേറ്ററില്‍ കാണും, ഞങ്ങളുടെ ലൈവ് ഷോകള്‍ കാണാനും വരും. പക്ഷേ അതേസ്ഥലത്ത് ഞങ്ങളെ താമസിപ്പിക്കാന്‍ അവര്‍ക്ക് സമ്മതമല്ല’ തുടക്കത്തില്‍ ഇത് തനിക്ക് വളരെ അരോചകമായി തോന്നുമായിരുന്നെന്നും താരം പറഞ്ഞു. ഇപ്പോള്‍ ഹൈദരാബാദില്‍ സഹോദരിക്കൊപ്പമാണ് തപ്സി താമസിക്കുന്നത്.

പിങ്ക്, ബേബി, നാം ഷബാന, ബാദ്ല തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനങ്ങളിലൂടെ ബോളിവുഡിലെ ശക്തരായ നായികമാരുടെ നിരയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് തപ്സി പന്നു. ദീര്‍ഘനാളത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് അഭിനയ സാധ്യതയുള്ള മികച്ച വേഷങ്ങള്‍ തപ്സിയെ തേടിയെത്തിയത്.