| Monday, 6th December 2021, 8:47 am

കരിയറിന്റെ തുടക്കത്തില്‍ കൂടുതല്‍ ഗ്ലാമറസ് ആകാന്‍ ശ്രമിച്ചു, എന്നാല്‍ ഇത്തരം സിനിമകളൊന്നും നല്ലൊരു നടിയാക്കില്ല എന്ന് മനസിലായി: തപ്‌സി പന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡിലേക്കുള്ള തന്റെ ചുവടുറപ്പിക്കാനായി നടത്തിയ പരിശ്രമങ്ങള്‍ തുറന്ന് പറഞ്ഞ് തപ്‌സി പന്നു. സിനിമ ഇന്‍ഡസ്ട്രിയുടെ തെറ്റായ സൗന്ദര്യ സങ്കല്‍പങ്ങളെ തപ്‌സി വിമര്‍ശിക്കുകയും ചെയ്തു. തെന്നിന്ത്യന്‍ സിനിമകളിലൂടെ തന്റെ കരിയര്‍ ആരംഭിച്ച തപ്‌സി മികച്ച അഭിനയത്തിലൂടെയും സിനികളിലൂടെയും ബോളിവുഡിലും തന്റെ സ്ഥാനം ഉറപ്പിച്ചു.

നടി എന്ന നിലയിലുള്ള തന്റെ രൂപത്തെ കുറിച്ച് ആശങ്കകളുണ്ടായിരുന്നു. ആദ്യനാളുകളില്‍ പേര് കേട്ടവരോടൊപ്പം അഭിനയിക്കാനും ചില പ്രത്യേക രൂപഭാവങ്ങളിലേക്ക് മാറാനുമുള്ള ഉപദേശങ്ങള്‍ ലഭിച്ചിരുന്നുവെന്നും തപ്‌സി പറയുന്നു.

‘കരിയറിന്റെ തുടക്കത്തില്‍ ഞാന്‍ എന്നെ തന്നെ മാറ്റാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. കൂടുതല്‍ ഗ്ലാമറസ് ആകാന്‍ ശ്രമിക്കുകയും ഒന്നിനോടും പ്രതികരിക്കാതിരിക്കുകയും ചെയ്തു. പക്ഷേ അത് എനിക്ക് ഒട്ടും ചേരുന്നില്ലായിരുന്നു. എന്നാല്‍ ഇത്തരം സിനിമകളൊന്നും എന്നെ നല്ലൊരു നടിയാക്കില്ല എന്നെനിക്ക് മനസിലായി. അതു കൊണ്ട് ഔട്ട് ഓഫ് ദി ബോക്‌സ് ആയിട്ട് എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചു. നാം യഥാര്‍ത്ഥത്തില്‍ നമ്മെ സ്‌നേഹിക്കുമ്പോള്‍ അത് എത്ര മനോഹരമാണെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു,’ തപ്‌സി പറഞ്ഞു.

‘ബോളിവുഡിലേക്ക് ചുവടുവെച്ചതിന് ശേഷം എപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന ഒരു കാര്യം, എനിക്ക് പറ്റിയ തെറ്റുകള്‍ ഒരിക്കലും ആവര്‍ത്തിക്കില്ല എന്നതാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ തന്റെ രൂപത്തെക്കുറിച്ച് തനിക്ക് എത്രത്തോളം അരക്ഷിതാവസ്ഥ അനുഭവപ്പെടാറുണ്ടെന്നും ചുരുണ്ട മുടി നേരെയാക്കാന്‍ രാസ ചികിത്സ പോലും നടത്തിയിട്ടുണ്ടെന്നും തപ്സി വെളിപ്പെടുത്തിയിരുന്നു.

‘ലൂപ് ലാപേട്ട’, ‘ഡോബാരാ’, ‘ബ്ലര്‍’, ‘മിഷന്‍ ഇംപോസിബിള്‍’, ‘ശബാഷ് മിഥു’ എന്നിവയാണ് തപ്‌സിയുടെ പുതിയ സിനിമകള്‍. ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ‘ഹസീന്‍ ദില്‍റൂബ’, ‘രശ്മി റോക്കറ്റ്’ എന്നാ സിനിമകളിലെ അഭിനയം തപ്‌സിക്ക് നിരൂപക പ്രശംസ നേടിക്കൊടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: taapsee-pannu-opens-up-about-the-mistakes-and-lessons-learnt-from-her-early-days

We use cookies to give you the best possible experience. Learn more