മലപ്പുറം: മുസ്‌ലിം ലീഗ് നിയസഭാകക്ഷി സെക്രട്ടറി സ്ഥാനത്തുനിന്നും പി.എ അഹമ്മദ് കബീര്‍ രാജിവെച്ചു. തന്നേക്കാള്‍ ജൂനിയറായ ഇബ്രാഹിം കുഞ്ഞിനെ നിയമസഭാ കക്ഷി ഉപനേതാവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.
രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. ലീഗ് നിയമസഭാ കക്ഷി നേതാവായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ എം.കെ മുനീറിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു.
ഇതോടെ ഒഴിവു വന്ന നിയമസഭാകക്ഷി ഉപനേതാവ് സ്ഥാനത്തിന് അഹമ്മദ് കബീര്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ വി.കെ ഇബ്രാഹീം കുഞ്ഞിനെയാണ് ഉപനേതാവ് സ്ഥാനത്തേക്ക് പാര്‍ട്ടി നിശ്ചയിച്ചത്. അഹമ്മദ് കബീറിനെ നിയമസഭാ കക്ഷി സെക്രട്ടറിയായും നിയമിച്ചു. ഇത് അംഗീകരിക്കില്ലെന്നാണ് അഹമ്മദ് കബീറിന്റെ നിലപാട്.
രാജിയെ കുറിച്ച് പ്രതികരിക്കാന്‍ അഹമ്മദ് കബീര്‍ ഇതുവരെ തയ്യാറായില്ല.
മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച ശേഷം രാജിക്കാര്യത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അന്തിമ തീരുമാനമെടുക്കും.