| Friday, 3rd May 2024, 8:26 pm

സഞ്ജുവിന്റെ വജ്രായുധം ഇനി ക്യാപ്റ്റന്‍; കൊമ്പനും കൊലകൊമ്പനും ലോകകപ്പ് ടീമില്‍; രണ്ട് കപ്പുയര്‍ത്തിയവന്റെ കളിയടവില്‍ വിന്‍ഡീസ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.സി.സി ടി-20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. റോവ്മന്‍ പവലിനെ നായകനാക്കിയും അല്‍സാരി ജോസഫിനെ വൈസ് ക്യാപ്റ്റനാക്കിയുമാണ് വിന്‍ഡീസ് സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

വെടിക്കെട്ട് വീരന്‍മാരുടെ പടയുമായാണ് വിന്‍ഡീസ് ലോകകപ്പിനെത്തുന്നത്. നിക്കോളാസ് പൂരന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആന്ദ്രേ റസല്‍ തുടങ്ങി സൂപ്പര്‍ താരങ്ങളുടെ നിരയാണ് വിന്‍ഡീസ് സ്‌ക്വാഡിലുള്ളത്.

കരീബിയന്‍ കരുത്തന്‍മാരെ രണ്ട് തവണ ലോകകിരീടമണിയിച്ച ഡാരന്‍ സമ്മിയാണ് ടീമിന്റെ പരിശീലകന്‍. ക്യാപ്റ്റന്റെ റോളിലെത്തി നേടിയ കിരീടം ഇത്തവണ പരിശീലകന്റെ റോളില്‍ വിന്‍ഡീസിന്റെ മണ്ണിലെത്തിക്കാനാണ് സമ്മി ഒരുങ്ങുന്നത്.

ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്

റോവ്മന്‍ പവല്‍ (ക്യാപ്റ്റന്‍), അല്‍സാരി ജോസഫ് (വൈസ് ക്യാപ്റ്റന്‍), ജോണ്‍സണ്‍ ചാള്‍സ്, റോസ്റ്റണ്‍ ചെയ്‌സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്, അകീല്‍ ഹൊസൈന്‍, ഷമര്‍ ജോസഫ്, ബ്രാന്‍ഡന്‍ കിങ്, ഗുഡാകേഷ് മോട്ടി, നിക്കോളാസ് പൂരന്‍, ആന്ദ്രേ റസല്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ്.

ഇത്തവണ അമേരിക്കക്കൊപ്പം ലോകകപ്പിന്റെ സഹ ആതിഥേയര്‍ കൂടിയാണ് വെസ്റ്റ് ഇന്‍ഡീസ്.

ജൂണ്‍ രണ്ടിനാണ് വെസ്റ്റ് ഇന്‍ഡീസ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. പ്രോവിഡന്‍സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പപ്പുവാ ന്യൂ ഗിനിയയാണ് എതിരാളികള്‍.

ടി-20 ലോകകപ്പിലെ വെസ്റ്റ് ഇന്‍ഡീസിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ജൂണ്‍ 2 vs പപ്പുവാ ന്യൂ ഗിനിയ – പ്രൊവിഡന്‍സ് സ്റ്റേഡിയം.

ജൂണ്‍ 9 vs ഉഗാണ്ട – പ്രൊവിഡന്‍സ് സ്റ്റേഡിയം.

ജൂണ്‍ 13 vs ന്യൂസിലാന്‍ഡ് – ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി.

ജൂണ്‍ 18 vs അഫ്ഗാനിസ്ഥാന്‍ – ഡാരന്‍ സമ്മി ക്രിക്കറ്റ് ഗ്രൗണ്ട്.

ജൂണ്‍ രണ്ടിനാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയുമാണ് ഇത്തവണ ലോകകപ്പിന് ആതിഥേയരാകുന്നത്. ഡാല്ലസില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയെ നേരിടും.

നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ജൂണ്‍ നാലിനാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ബാര്‍ബഡോസില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.

20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മാറ്റുരയ്ക്കാനെത്തുന്നത്.

വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക, എന്നീ ടീമുകള്‍ ലോകകപ്പിന്റെ ആതിഥേയരായതോടെ നേരിട്ട് യോഗ്യത നേടിയിരുന്നു.

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്സ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ 2022 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലും ലോകകപ്പിന് ടിക്കറ്റ് ഉറപ്പിച്ചു.

നേപ്പാളും ഒമാനും ഏഷ്യന്‍ ക്വാളിഫയേഴ്സ് ജയിച്ച് സ്ഥാനമുറപ്പിച്ചപ്പോള്‍ യൂറോപ്യന്‍ ക്വാളിഫയര്‍ ജയിച്ച് സ്‌കോ
ട്‌ലാന്‍ഡും അയര്‍ലന്‍ഡും ലോകകപ്പിന് യോഗ്യത നേടി.

ഈസ്റ്റ് ഏഷ്യാ-പസഫിക് ക്വാളിഫയറില്‍ നിന്നും പപ്പുവാ ന്യൂ ഗിനിയയും അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും കാനഡയും ലോകകപ്പിനെത്തും.

നമീബിയയും ഉഗാണ്ടയുമാണ് ആഫ്രിക്കന്‍ ക്വാളിഫയേഴ്സ് വിജയിച്ച് ലോകകപ്പിനെത്തുന്നത്. ഇതാദ്യമായാണ് ഉഗാണ്ട ഐ.സി.സി ഇവന്റിന് യോഗ്യത നേടുന്നത്.

Content Highlight: T20 World Cup: West Indies announces squad

We use cookies to give you the best possible experience. Learn more