ടി-20 ലോകകപ്പിനുള്ള സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ പടുകൂറ്റന്‍ വിജയവുമായി ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ്. വെള്ളിയാഴ്ച ക്യൂന്‍സ് പാര്‍ക് ഓവലില്‍ നടന്ന മത്സരത്തില്‍ 35 റണ്‍സിനാണ് കരീബിയന്‍സ് വിജയിച്ചുകയറിയത്. റണ്ണൊഴുകിയ മത്സരത്തില്‍ ബാറ്റര്‍മാരുടെ കരുത്തിലാണ് കരീബിയന്‍ കരുത്തര്‍ വിജയം രുചിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ മിച്ചല്‍ മാര്‍ഷ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
തുടക്കം മുതല്‍ക്കുതന്നെ വിന്‍ഡീസ് വെടിക്കെട്ടിനാണ് ക്യൂന്‍സ് പാര്‍ക് സാക്ഷ്യം വഹിച്ചത്. മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ ഷായ് ഹോപ്പിനെ നഷ്ടപ്പെടും മുമ്പ് വിന്‍ഡീസ് 38 റണ്‍സിലെത്തിയിരുന്നു. എട്ട് പന്തില്‍ 14 റണ്‍സാണ് താരം നേടിയത്.
വണ്‍ ഡൗണായി സൂപ്പര്‍ താരം നിക്കോളാസ് പൂരനെത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ സിക്‌സറുകള്‍ പൂരന്റെ ബാറ്റില്‍ നിന്നും പറന്നപ്പോള്‍ മറുവശത്ത് നിന്ന് ജോണ്‍സണ്‍ ചാള്‍സ് പിന്തുണ നല്‍കി.
രണ്ടാം വിക്കറ്റില്‍ 90 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 9.2 ഓവറില്‍ നിക്കോളാസ് പൂരനെ നഷ്ടപ്പെടുമ്പോള്‍ വിന്‍ഡീസ് 128ലെത്തിയിരുന്നു. ആദം സാംപയാണ് വിക്കറ്റ് നേടിയത്.
വെറും 25 പന്തില്‍ നിന്നും എട്ട് പടുകൂറ്റന്‍ സിക്‌സറുകളും അഞ്ച് ഫോറുമായി 75 റണ്‍സാണ് പൂരന്‍ നേടിയത്. 300.00 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
പൂരന് പിന്നാലെ ക്യാപ്റ്റന്‍ റോവ്മാന്‍ പവലാണ് ക്രീസിലെത്തിയത്. നിക്കി എവിടെ നിര്‍ത്തിയോ, പവല്‍ അവിടെ നിന്ന് തന്നെ ആരംഭിച്ചു. നാല് വീതം സിക്‌സറും ഫോറുമായി 25 പന്തില്‍ 52 റണ്‍സാണ് വിന്‍ഡീസ് നായകന്‍ അടിച്ചുകൂട്ടിയത്.
Plenty of positives for the #T20WorldCup co-hosts as the Caribbean side ease past Australia with an excellent display of power-hitting 😲
ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 257 എന്ന നിലയില്‍ വിന്‍ഡീസ് റാംപെയ്ജ് അവസാനിച്ചു.
ഓസീസിനായി ആദം സാംപ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ടിം ഡേവിഡും ആഷ്ടണ്‍ അഗറും ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് കഴിഞ്ഞ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ചായ ഡേവിഡ് വാര്‍ണറിനെ 15 റണ്‍സിനും ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് നാല് റണ്‍സിനും പുറത്തായി.
പിന്നാലെയെത്തിയ ജോഷ് ഇംഗ്ലിസ് അര്‍ധ സെഞ്ച്വറി നേടി ചെറുത്തുനിന്നു. 30 പന്തില്‍ നാല് സിക്‌സറും അഞ്ച് ഫോറുമായി 55 റണ്‍സാണ് താരം നേടിയത്. ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ നഥാന്‍ എല്ലിസ് 22 പന്തില്‍ 39 റണ്‍സെടുത്ത് മികച്ച പ്രകടനം നടത്തി.
ആഷ്ടണ്‍ അഗര്‍ (13 പന്തില്‍ 28), ടിം ഡേവിഡ് (12 പന്തില്‍ 25), മാത്യു വേഡ് (14 പന്തില്‍ 25), ആദം സാംപ (16 പന്തില്‍ പുറത്താകാതെ 21) എന്നിവരും തങ്ങളുടെ സംഭാവന നല്‍കിയെങ്കിലും വിജയത്തിന് അതൊന്നും പോരാതെ വരികയായിരുന്നു.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് ഓസീസിന് നേടാനായത്.
വെസ്റ്റ് ഇന്‍ഡീസിനായി ഗുഡാകേഷ് മോട്ടിയും അല്‍സാരി ജോസഫും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ അകില്‍ ഹൊസൈന്‍, ഒബെഡ് മക്കോയ്, ഷമര്‍ ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
ഇനി ലോകകപ്പിലേക്കാണ് വിന്‍ഡീസ് ഇറങ്ങുന്നത്. ജൂണ്‍ രണ്ടിന് നടക്കുന്ന മത്സരത്തില്‍ ഏഷ്യ പസഫിക് ക്വാളിഫയര്‍ വിജയിച്ചെത്തിയ പപ്പുവ ന്യൂ ഗിനിയയാണ് എതിരാളികള്‍. പ്രൊവിഡന്‍സ് സ്റ്റേഡിയമാണ് വേദി.
ജൂണ്‍ ആറിനാണ് ലോകകപ്പില്‍ കങ്കാരുക്കളുടെ ആദ്യ മത്സരം. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ഒമാനാണ് എതിരാളികള്‍.
Content Highlight: T20 World Cup warm up match: West Indies defeats Australia