| Thursday, 6th June 2024, 8:52 pm

308.00 🔥🔥 റണ്‍സല്ല, പാകിസ്ഥാനെതിരെ വിരാടിന്റെ ബാറ്റിങ് ശരാശരിയാണ്; ന്യൂയോര്‍ക് കാത്തിരിക്കുന്നത് ഈ കൊടുങ്കാറ്റിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പില്‍ ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഐ.സി.സിയും ‘പല കാരണങ്ങള്‍ കൊണ്ടും ഈ മത്സരത്തിനായി കാത്തിരിക്കുന്നുണ്ട്. ജൂണ്‍ ഒമ്പതിനാണ് ഈ ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടുന്നത്. ന്യൂയോര്‍ക്കാണ് വേദി.

വിരാട് കോഹ്‌ലിയുടെ വെടിക്കെട്ട് പ്രകടനങ്ങള്‍ തന്നെയാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങളുടെ പ്രധാന ഹൈലൈറ്റ്. 2012 മുതല്‍ പാകിസ്ഥാനെതിരെ നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം തന്നെ വിരാട് ആരാധകര്‍ക്ക് വിരുന്നൊരുക്കിയിരുന്നു.

2022 ലോകകപ്പിലെ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന് കാരണമായത് വിരാട് തന്നെയായിരുന്നു. അവസാന ഓവറിലെ അവസാന പന്ത് വരെ മെല്‍ബണ്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ വിരാട് കോഹ്‌ലിയെന്ന അതികായന്റെ ബലത്തില്‍ ഇന്ത്യ വിജയിച്ചുകയറുകയായിരുന്നു.

പാകിസ്ഥാനെതിരെ ടി-20 ലോകകപ്പില്‍ മികച്ച ട്രാക്ക് റെക്കോഡാണ് വിരാടിനുള്ളത്. ലോകകപ്പില്‍ അഞ്ച് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ നാല് തവണയാണ് വിരാട് അര്‍ധ സെഞ്ച്വറി കുറിച്ചത്. അഞ്ചില്‍ ഒരിക്കല്‍ മാത്രമാണ് പാകിസ്ഥാന് വിരാടിനെ പുറത്താക്കാന്‍ സാധിച്ചതും.

78*, 36*, 55*, 57, 82* എന്നിങ്ങനെ 308 റണ്‍സാണ് പാകിസ്ഥാനെതിരെ വിരാട് സ്‌കോര്‍ ചെയ്തത്. 132.75 എന്ന സ്‌ട്രൈക്ക് റേറ്റിലും 308 എന്ന അവിശ്വസനീയ ശരാശരിയിലുമാണ് വിരാട് സ്‌കോര്‍ ചെയ്യുന്നത്.

2022 ലോകകപ്പില്‍ പാകിസ്ഥാനെതിരെ നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും വിരാടിനെയായിരുന്നു. മൂന്നാം തവണയാണ് ടി-20 ലോകകപ്പില്‍ വിരാട് പാകിസ്ഥാനെതിരെ കളിയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്.

ഇതോടെ ഒരു ഐതിഹാസിക നേട്ടവും അന്ന് കുറിക്കപ്പെട്ടിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരമെന്ന നേട്ടമാണ് വിരാട് തന്റെ പേരിലെഴുതിച്ചേര്‍ത്തത്.

ടി-20 ലോകകപ്പില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരം

(താരം – ടീം – പി.ഒ.ടി.എം പുരസ്‌കാരം – എതിരാളികള്‍ എന്നീ ക്രമത്തില്‍)

വിരാട് കോഹ്ലി – ഇന്ത്യ – 3 – പാകിസ്ഥാന്‍

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 2 – ഓസ്ട്രേലിയ

ആര്‍. അശ്വിന്‍ – ഇന്ത്യ – 2 – ബംഗ്ലാദേശ്

ആദം സാംപ – ഓസ്ട്രേലിയ – 2 – ബംഗ്ലാദേശ്

ഉമര്‍ ഗുല്‍ – പാകിസ്ഥാന്‍ – 2 – ന്യൂസിലാന്‍ഡ്

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 2 – ശ്രീലങ്ക

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 2 – വെസ്റ്റ് ഇന്‍ഡീസ്

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ട്രാവലിങ് റിസര്‍വ് താരങ്ങള്‍

ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

പാകിസ്ഥാന്‍ സ്‌ക്വാഡ്

ബാബര്‍ അസം (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, അസം ഖാന്‍, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് അബ്ബാസ് അഫ്രിദി, മുഹമ്മദ് ആമിര്‍, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, സയിം അയ്യൂബ്, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രിദി, ഉസ്മാന്‍ ഖാന്‍.

Content Highlight: T20 World Cup: Virat Kohli’s brilliant batting performance against Pakistan

We use cookies to give you the best possible experience. Learn more