ഐ.സി.സി ടി-20 ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ച് അമേരിക്ക. ഇന്ത്യന്‍ വംശജന്‍ മോനക് പട്ടേലിനെ ക്യാപ്റ്റനാക്കിയാണ് അമേരിക്ക ലോകകപ്പിനെത്തുന്നത്. ആരോണ്‍ ജോണ്‍സാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായ മോനക് പട്ടേലിന്റെ ഡെപ്യൂട്ടി.
ലോകകപ്പിന് മുമ്പ് കാനഡക്കെതിരെ നടന്ന അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പര 4-0ന് വിജയിച്ചതിന്റെ ആവേശത്തിലാണ് അമേരിക്ക. ഐ.പി.എല്ലിന്റെ അമേരിക്കന്‍ കൗണ്ടര്‍പാര്‍ട്ടായ മേജര്‍ ലീഗ് ക്രിക്കറ്റില്‍ നിന്നും കണ്ടെത്തിയ താരങ്ങളും ലോകകപ്പില്‍ അമേരിക്കന്‍ നിരയില്‍ കരുത്താകും.
ന്യൂസിലാന്‍ഡിനൊപ്പം 2015 ലോകകപ്പിന്റെ ഫൈനല്‍ കളിച്ച കോറി ആന്‍ഡേഴ്ണാണ് ടീമിലെ പ്രധാനി.
അമേരിക്കക്കായി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച സൗരഭ് നേത്രാവല്‍ക്കര്‍, അന്താരാഷ്ട്ര തലത്തില്‍ അമേരിക്കക്കായി ഏറ്റവുമധികം റണ്‍സ് നേടിയ ഓപ്പണര്‍ സ്റ്റീവന്‍ ടെയ്‌ലര്‍ എന്നിവരും സ്‌ക്വാഡിന്റെ ഭാഗമാണ്.
കാനഡക്കെതിരായ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ വംശജന്‍ ഓഫ് സ്പിന്നര്‍ മിലിന്ദ് കുമാറും ലോകകപ്പിനെത്തും.
സൂപ്പര്‍ താരം ഉന്‍മുക്ത് ചന്ദിന്റെ അഭാവമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 2012 അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച ഉന്‍മുക്ത് ചന്ദിന്റെ നേതൃത്വത്തിലാകും അമേരിക്ക ലോകകപ്പിനിറങ്ങുക എന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാലിപ്പോള്‍ താരത്തിന് 15 അംഗ സ്‌ക്വാഡില്‍ പോലും ഇടം നേടാന്‍ സാധിക്കാതെ വന്നിരിക്കുകയാണ്.
നേരത്തെ കാനഡക്കെതിരെ നടന്ന ടി-20 പരമ്പരയിലും താരത്തിന് അമേരിക്കന്‍ സ്‌ക്വാഡില്‍ ഇടമുണ്ടായിരുന്നില്ല. MiLC ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ രണ്ടാമത് ബാറ്റര്‍ കൂടിയാണ് മുന്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമായിരുന്ന ഉന്‍മുക്ത് ചന്ദ്.
ടി-20 ലോകകപ്പിനുള്ള അമേരിക്കന്‍ സ്‌ക്വാഡ്
മോനക് പട്ടേല്‍ (ക്യാപ്റ്റന്‍), ആരോണ്‍ ജോണ്‍സ് (വൈസ് ക്യാപ്റ്റന്‍), ആന്‍ഡ്രീസ് ഗൗസ്,. കോറി ആന്‍ഡേഴ്‌സണ്‍, അലി ഖാന്‍, ഹര്‍മീത് സിങ്, ജെസി സിങ്, മിലിന്ദ് കുമാര്‍, നിസര്‍ഗ് പട്ടേല്‍, നിതീഷ് കുമാര്‍, നോഷ്തുഷ് കെന്‍ജിഗെ, സൗരഭ് നേത്രാവല്‍കര്‍, ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്, സ്റ്റീവന്‍ ടെയ്‌ലര്‍, ഷയാന്‍ ജഹാംഗീര്‍.
റിസര്‍വ് താരങ്ങള്‍
ഗജാനന്ദ് സിങ്, ജുവാനോയ് ഡ്രൈസ്‌ഡേല്‍, യാസിര്‍ മുഹമ്മദ്.
ഇത്തവണ വെസ്റ്റ് ഇന്‍ഡീസിനൊപ്പം ലോകകപ്പിന്റെ സഹ ആതിഥേയര്‍ കൂടിയാണ് യു.എസ്.എ.
ജൂണ്‍ രണ്ടിനാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. ഡാല്ലസില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയെ നേരിടും.
ലോകകപ്പിലെ യു.എസ്.എയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍
ജൂണ്‍ 2 vs കാനഡ – ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയം.
ജൂണ്‍ 6 vs പാകിസ്ഥാന്‍ – ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയം
ജൂണ്‍ 12 vs ഇന്ത്യ – ഈസ്റ്റ് മെഡോ.
ജൂണ്‍ 14 vs അയര്‍ലാന്‍ഡ് – സെന്‍ട്രല്‍ ബോവാര്‍ഡ് റീജ്യണല്‍ പാര്‍ക്.
നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ജൂണ്‍ നാലിനാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ബാര്‍ബഡോസില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.
20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ കളത്തിലിറങ്ങുന്നത്.
വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും ലോകകപ്പിന്റെ ആതിഥേയരായതോടെ നേരിട്ട് യോഗ്യത നേടിയിരുന്നു.
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്സ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ 2022 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലും ലോകകപ്പിന് ടിക്കറ്റ് ഉറപ്പിച്ചു.
നേപ്പാളും ഒമാനും ഏഷ്യന്‍ ക്വാളിഫയേഴ്സ് ജയിച്ച് സ്ഥാനമുറപ്പിച്ചപ്പോള്‍ യൂറോപ്യന്‍ ക്വാളിഫയര്‍ ജയിച്ച് സ്‌കോ
ട്‌ലാന്‍ഡും അയര്‍ലന്‍ഡും ലോകകപ്പിന് യോഗ്യത നേടി.
ഈസ്റ്റ് ഏഷ്യാ-പസഫിക് ക്വാളിഫയറില്‍ നിന്നും പപ്പുവാ ന്യൂ ഗിനിയയും അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും കാനഡയും ലോകകപ്പിനെത്തും.
നമീബിയയും ഉഗാണ്ടയുമാണ് ആഫ്രിക്കന്‍ ക്വാളിഫയേഴ്സ് വിജയിച്ച് ലോകകപ്പിനെത്തുന്നത്. ഇതാദ്യമായാണ് ഉഗാണ്ട ഐ.സി.സി ഇവന്റിന് യോഗ്യത നേടുന്നത്.
Content Highlight: T20 World Cup: USA announces squad