ആദ്യ ലോകകപ്പില്‍ സ്വന്തം ജനതയെ ചേര്‍ത്തുപിടിച്ച് ഉഗാണ്ട; സ്‌ക്വാഡ് പ്രഖ്യാപിച്ചത് തെരുവും ജനജീവിതവും ഭാവിയും ചേര്‍ന്ന്
T20 world cup
ആദ്യ ലോകകപ്പില്‍ സ്വന്തം ജനതയെ ചേര്‍ത്തുപിടിച്ച് ഉഗാണ്ട; സ്‌ക്വാഡ് പ്രഖ്യാപിച്ചത് തെരുവും ജനജീവിതവും ഭാവിയും ചേര്‍ന്ന്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th May 2024, 8:18 pm

ഐ.സി.സി ടി-20 ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ഉഗാണ്ട. ബ്രയാന്‍ മസാബയെ ക്യാപ്റ്റനാക്കിയും റിയാസത് അലി ഷായെ വൈസ് ക്യാപ്റ്റനാക്കിയും ചുമതലപ്പെടുത്തിയാണ് ഉഗാണ്ട സ്‌ക്വാഡ് പ്രഖ്യാപിച്ചത്.

വ്യത്യസ്തമായ രീതിയിലാണ് ഉഗാണ്ടന്‍ ക്രിക്കറ്റ് അസോസിയേന്‍ ലോകകപ്പിനുള്ള തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ഉഗാണ്ടയുടെ ദൈനംദിന ജീവിതം വരച്ചുകാട്ടുന്നതായിരുന്നു ടീമിന്റെ സ്‌ക്വാഡ് പ്രഖ്യാപനം.

സമൂഹത്തിലെ ഓരോ തുറയിലെയും ആളുകള്‍ സ്‌ക്വാഡിലെ ഓരോ താരങ്ങളെയും അവതരിപ്പിക്കുന്ന രീതിയിലാണ് ടീം ലോകകപ്പ് സ്‌ക്വാഡ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

 

ലോകകപ്പ് യോഗ്യതാ മത്സരത്തിലെ അഫ്രിക്കന്‍ ക്വാളിഫയേഴ്‌സില്‍ നിന്നുമാണ് ഉഗാണ്ട വെസ്റ്റ് ഇന്‍ഡീസിലേക്ക് പറന്നിരിക്കുന്നത്. ക്വാളിഫയേഴ്‌സിലെ 20ാം മത്സരത്തില്‍ റുവാണ്ടക്കെതിരെ ഒമ്പത് വിക്കറ്റിന് വിജയിച്ചതോടെയാണ് ലോകകപ്പിലെ 20ാം ടീമായി ഉഗാണ്ട തെരഞ്ഞെടുക്കപ്പെട്ടത്.

മത്സരത്തില്‍ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഉഗാണ്ട റുവാണ്ടയെ 65 റണ്‍സിന് എറിഞ്ഞിടുകയും മറുപടി ബാറ്റിങ്ങിനിറങ്ങി 71 പന്തും ഒമ്പത് വിക്കറ്റും ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയുമായിരുന്നു.

ഇതോടെ ലോകകപ്പ് കളിക്കുന്ന അഞ്ചാമത് ആഫ്രിക്കന്‍ രാജ്യമായും ഉഗാണ്ട മാറി. ആഫ്രിക്ക ക്വാളിഫയറില്‍ നിന്നും ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത് ടീമാണ് ഉഗാണ്ട. നമീബിയയാണ് 2024 ടി-20 ലോകകപ്പിന് യോഗ്യത നേടിയ ആദ്യ ആഫ്രിക്കന്‍ രാജ്യം.

അല്‍പേഷ് രംജാനിയടക്കമുള്ള കരുത്തരുമായാണ് ഉഗാണ്ട ലോകകപ്പിനെത്തുന്നത്. 2023ലെ ഐ.സി.സി ടി-20 പ്ലെയര്‍ ഓഫ് ദി ഇയറില്‍ നോമിനേറ്റ് ചെയ്യപ്പെട്ട താരമാണ് രംജാനി. ഉഗാണ്ടയുടെ എന്നല്ല, അസോസിയേറ്റ് രാജ്യങ്ങളുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് ഒരു താരം ഐ.സി.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെടുന്നത്.

2023ല്‍ 30 മത്സരം കളിച്ച രംജാനി 4.77 എന്ന മികച്ച എക്കോണമിയിലും 8.98 എന്ന തകര്‍പ്പന്‍ ആവറേജിലും 55 വിക്കറ്റാണ് സ്വന്തമാക്കിയത്. 9 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ടി-20 ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു താരം കലണ്ടര്‍ ഇയറില്‍ 50/ 50+ വിക്കറ്റുകള്‍ സ്വന്തമാക്കുന്നത്.

ബൗളിങ്ങില്‍ മാത്രമല്ല ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് രംജാനി കാഴ്ചവെച്ചത്. കഴിഞ്ഞ വര്‍ഷം ബാറ്റെടുത്ത 30 മത്സരത്തിലെ 20 ഇന്നിങ്സില്‍ നിന്നും 449 റണ്‍സാണ് താരം നേടിയത്. 28.06 എന്ന ശരാശരിയിലും 132.44 എന്ന സ്ട്രൈക്ക് റേറ്റിലും റണ്ണടിച്ചുകൂട്ടിയ രംജാനിയുടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 55 ആണ്.

കരിയറില്‍ ഇതുവരെ 38 അന്താരാഷ്ട്ര ടി-20 ഇന്നിങ്സിലാണ് രംജാനി ഉഗാണ്ടക്കായി പന്തെറിഞ്ഞത്. 8.88 ശരാശരിയിലും 11.2 സ്‌ട്രൈക്ക് റേറ്റിലും 70വിക്കറ്റുകളും താരം നേടി. 4.79 ആണ് രംജാനിയുടെ എക്കോണമി. കരിയറില്‍ ഇതുവരെ ബാറ്റെടുത്ത 27 ഇന്നിങ്‌സില്‍ നിന്നും 25.86 ശരാശരിയില്‍ 569 റണ്‍സും താരം നേടിയിട്ടുണ്ട്.

ഐ.സി.സി ലോകകപ്പിനുള്ള ഉഗാണ്ടന്‍ സ്‌ക്വാഡ്

ബ്രയാന്‍ മസാബ (ക്യാപ്റ്റന്‍), റിയാസത് അലി ഷാ (വൈസ് ക്യാപ്റ്റന്‍), കെന്നത് വൈസ്വ, ദിനേഷ് നക്രാണി, ഫ്രാങ്ക് എന്‍സുബുഗ, റോനക് പട്ടേല്‍, റോജര്‍ മുസാക, കോസ്മസ് കെയ്‌വുത, ബിലാല്‍ ഹുസൈന്‍, ഫ്രെഡ് അക്കെല്ലം, റോബിന്‍സണ്‍ ഒബുയ, സൈമണ്‍ സെസാസി, ഹെന്റി സെന്യോഡോ, അല്‍പേഷ് രംജാനി, ജുമ മിയാജി.

ജൂണ്‍ നാലിനാണ് ഉഗാണ്ട തങ്ങളുടെ ചരിത്ര ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.

ലോകകപ്പിലെ ഉഗാണ്ടയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ജൂണ്‍ 4 vs അഫ്ഗാനിസ്ഥാന്‍ – പ്രൊവിഡന്‍സ് സ്റ്റേഡിയം

ജൂണ്‍ 6 vs പപ്പുവ ന്യൂ ഗിനിയ – പ്രൊവിഡന്‍സ് സ്റ്റേഡിയം

ജൂണ്‍ 9 vs വെസ്റ്റ് ഇന്‍ഡീസ് – പ്രൊവിഡന്‍സ് സ്റ്റേഡിയം

ജൂണ്‍ 15 vs ന്യൂസിലാന്‍ഡ് – ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി

2024 ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍

ആതിഥേയര്‍: അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ്.

2022 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയ ടീമുകള്‍: ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക.

ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയവര്‍:അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്.

യോഗ്യതാ മത്സരം കളിച്ചെത്തിയവര്‍

ഏഷ്യന്‍ ക്വാളിഫയേഴ്സ്: നേപ്പാള്‍, ഒമാന്‍.

ഈസ്റ്റ് ഏഷ്യാ-പസഫിക് ക്വാളിഫയേഴ്സ്: പാപ്പുവാ ന്യൂഗിനിയ.

യൂറോപ്യന്‍ ക്വാളിഫയേഴ്സ്: അയര്‍ലന്‍ഡ്, സ്‌കോട്‌ലാന്‍ഡ്.

അമേരിക്കാസ് ക്വാളിഫയേഴ്സ്: കാനഡ.

ആഫ്രിക്ക ക്വാളിഫയേഴ്സ്: നമീബിയ, ഉഗാണ്ട.

 

Content Highlight: T20 World Cup: Uganda announces squad