|

ആരാധകരുടെ പ്രാര്‍ത്ഥന, അഡ്‌ലെയ്ഡില്‍ ഇന്ത്യക്ക് ടോസ് നഷ്ടം; ടോസ് നേടിയവരെ തുണക്കാത്ത ഓസീസിന്റെ സ്വന്തം പിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ഇംഗ്ലണ്ട് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ടോസ് നേടിയ ടീമിനെ ഭാഗ്യം തുണക്കാത്ത പിച്ചാണ് അഡ്‌ലെയ്ഡിലേത്. ഇതുവരെ 11 അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ അരങ്ങേറിയ അഡ്‌ലെയ്ഡില്‍ ഒരിക്കല്‍ പോലും ടോസ് നേടിയ ടീം വിജയിച്ചിട്ടില്ല. ടോസ് നഷ്ടപ്പെട്ട ടീമിനെയാണ് അഡ്‌ലെയ്ഡ് എന്നും തുണച്ചിട്ടുള്ളത്.

അഡ്‌ലെയ്ഡ് പിച്ചിന്റെ ഈ ചരിത്രമറിയുന്നതിനാല്‍ തന്നെ ടോസ് നഷ്ടപ്പെട്ടതിന്റെ പേരില്‍ ആരാധകര്‍ സന്തോഷിക്കുന്ന അപൂര്‍വ നിമിഷങ്ങളിലൊന്നാണ് രണ്ടാം സെമിയില്‍ കണ്ടത്.

അഡ്‌ലെയ്ഡില്‍ വെച്ച് നടന്ന ഇന്ത്യയുടെ സൂപ്പര്‍ 12 മത്സരത്തിലും ഇന്ത്യക്ക് ടോസ് നഷ്ടമായിരുന്നു. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ബംഗ്ലാ ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെ തീരുമാനം മഴയും ഇന്ത്യയും ചേര്‍ന്ന് തെറ്റിക്കുകയായിരുന്നു.

മത്സരത്തില്‍ കെ.എല്‍. രാഹുലും വിരാട് കോഹ്‌ലിയും അര്‍ധ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു. 32 പന്തില്‍ നിന്നും 50 തികച്ച രാഹുലും 44 വപന്തില്‍ പുറത്താകാതെ 64 റണ്‍സ് നേടിയ വിരാടുമാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്.

ബാറ്റര്‍മാരെ തുണക്കുന്ന പിച്ചില്‍ ഇന്ത്യയുടെ സ്‌കോര്‍ ചെയ്‌സ് ചെയ്ത് മറികടക്കാം എന്ന ജോസ് ബട്‌ലറിന്റെ ആത്മവിശ്വാസമാണ് അഡ്‌ലെയ്ഡില്‍ കണ്ടത്.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

അഞ്ച് പന്തില്‍ നിന്നും അഞ്ച് റണ്‍സുമായി രാഹുലും 28 പന്തില്‍ നിന്നും 27 റണ്‍സും നേടി രോഹിത് ശര്‍മയും പുറത്തായി. പത്ത് പന്തില്‍ നിന്നും 14 റണ്‍സുമായി സൂര്യകുമാറിനെയും പുറത്താക്കി ഇംഗ്ലണ്ട് കളി തിരിച്ചു.

നിലവില്‍ 16 ഓവറില്‍ 110 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 38 പന്തില്‍ നിന്നും 48 റണ്‍സുമായി വിരാട് കോഹ് ലിയും 15 പന്തില്‍ നിന്നും 13 റണ്‍സുമായി ഹര്‍ദിക്കുമാണ് ഇന്ത്യക്കായി ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍ :

കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍:

ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അലക്സ് ഹെയ്ല്‍സ്, ഫില്‍ സാള്‍ട്ട്, ബെന്‍ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, മോയിന്‍ അലി, സാം കറന്‍, ക്രിസ് ജോര്‍ദാന്‍, ക്രിസ് വോക്സ്, ആദില്‍ റഷീദ്.

Content highlight: T20 World Cup second semi final, India losses Toss