| Monday, 13th May 2024, 7:56 pm

രോഹിത്തും അഗാര്‍ക്കറും വേണ്ടെന്ന് തീരുമാനിച്ചിട്ടും ഹര്‍ദിക് ലോകകപ്പ് ടീമിലെത്തിയ കഥ; പിന്നില്‍ ആരുടെ സമ്മര്‍ദം?

സ്പോര്‍ട്സ് ഡെസ്‌ക്

ജൂണ്‍ രണ്ടിന് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഹര്‍ദിക് പാണ്ഡ്യ ഉള്‍പ്പെട്ടതിന് പിന്നില്‍ ബാഹ്യസമ്മര്‍ദമെന്ന് റിപ്പോര്‍ട്ടുകള്‍.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ഹര്‍ദിക് പാണ്ഡ്യയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും അവരുടെ എതിര്‍പ്പിനെ മറികടന്നാണ് ഹര്‍ദിക് സ്‌ക്വാഡിന്റെ ഭാഗമായെതെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ മാധ്യമമായ ദൈനിക് ജാഗരണിനെ ഉദ്ധരിച്ച് ഫ്രീ പ്രസ് ജേര്‍ണല്‍ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐ.പി.എല്ലിന്റെ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായാണ് ഹര്‍ദിക് അവരോധിക്കപ്പെട്ടത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായിരിക്കെ കോടികളെറിഞ്ഞ് താരത്തെ വാംഖഡെയിലെത്തിക്കുകയും രോഹിത്തിനെ മറികടന്ന് താരത്തെ ക്യാപ്റ്റനാക്കുകയും ചെയ്താണ് മുംബൈ പടയൊരുക്കിയത്. എന്നാല്‍ പാളയത്തില്‍ പടയെന്നോണമായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ അവസ്ഥ.

ആരാധകരുടെ എതിര്‍പ്പിന് പുറമെ ടീമിനുള്ളില്‍ തന്നെ ഹര്‍ദിക്കിനെതിരെ മുറുമുറുപ്പുകള്‍ ഉയര്‍ന്നിരുന്നു. താരത്തിന്റെ പ്രവൃത്തിയും ഇതിന് ആക്കം കൂട്ടി. ആദ്യ മത്സരങ്ങളില്‍ കളിത്തിലിറങ്ങിയ ഹര്‍ദിക്കിനെ മുംബൈ ആരാധകര്‍ തന്നെ കൂവിവിളിച്ചിരുന്നു.

ഐ.പി.എല്ലില്‍ മുംബൈയുടെ നായകനായുള്ള ഹാര്‍ദിക്കിന്റെ അരങ്ങേറ്റം ഏവരെയും പാടെ നിരാശപ്പെടുത്തി. കഴിഞ്ഞ രണ്ട് സീസണിലും ഹര്‍ദിക് നയിച്ച ടീം ആദ്യം പ്ലേ ഓഫിലെത്തിയപ്പോള്‍ ഈ സീസണില്‍ താരം നയിച്ച മുംബൈ ആദ്യം പുറത്താകുന്ന ടീമായും മാറിയിരുന്നു. ഓള്‍ റൗണ്ടറെന്ന നിലയില്‍ താരത്തിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു.

മോശം ഫോമിലുള്ള ഹര്‍ദിക് ലോകകപ്പ് ടീമില്‍ ഉണ്ടാകില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ടീമില്‍ സ്ഥാനം പിടിച്ചതിനപ്പുറം ടീമിന്റെ വൈസ് ക്യാപ്റ്റനാവുകയും ചെയ്തിരുന്നു. താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത് വലിയ തോതിലുള്ള വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ലോകകപ്പ് സ്‌ക്വാഡില്‍ ഹര്‍ദിക്ക് വേണ്ടെന്ന നിലപാടിലായിരുന്നു രോഹിത്തും അഗാര്‍ക്കറും. ഒടുവില്‍ സമ്മര്‍ദത്തിനു വഴങ്ങിയാണ് താരത്തെ ടീമിലെടുത്തതെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

രോഹിത് ശര്‍മയുടെ പകരക്കാരനായി ഇന്ത്യന്‍ ടി-20 ടീമിന്റെ നായക പദവിയിലേക്ക് ഹര്‍ദിക്കിനെയാണ് ബി.സി.സി.ഐ പരിഗണിക്കുന്നത്. 2022ലെ ടി-20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട ശേഷം രോഹിത്തിന്റെ അഭാവത്തില്‍ ഹര്‍ദിക്കാണ് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിച്ചിരുന്നത്.

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍)

യശസ്വി ജെയ്‌സ്വാള്‍

വിരാട് കോഹ്‌ലി

സൂര്യകുമാര്‍ യാദവ്

റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍)

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍)

ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍)

ശിവം ദുബെ

രവീന്ദ്ര ജഡേജ

അക്‌സര്‍ പട്ടേല്‍

കുല്‍ദീപ് യാദവ്

യൂസ്വേന്ദ്ര ചഹല്‍

അര്‍ഷ്ദീപ് സിങ്

ജസ്പ്രീത് ബുംറ

മുഹമ്മദ് സിറാജ്

ട്രാവലിങ് റിസര്‍വ് താരങ്ങള്‍

ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

Content highlight: T20 World Cup, Reports says India included Hardik Pandya in world cup squad due to external pressure

We use cookies to give you the best possible experience. Learn more