‘രാജ്യത്തിന് വേണ്ടി പന്തെറിഞ്ഞതില്‍ എനിക്കേറെ അഭിമാനമുണ്ട്. പോയ വര്‍ഷങ്ങളിലായി മികച്ച വിജയങ്ങളും റെക്കോഡുകളും സ്വന്തമാക്കാനും ഞങ്ങള്‍ക്ക് സാധിച്ചിരുന്നു. പക്ഷേ കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. പക്ഷേ ഡ്രസ്സിങ് റൂമില്‍ ഇനിയും നിരവധി മികച്ച പ്രതിഭകളുണ്ട്. അവര്‍ ഈ ടീമിനെ മുമ്പോട്ട് കൊണ്ടുപോകും. ഏറെ അഭിമാനമുള്ള രാജ്യമാണിത്, ഞങ്ങളത് തുടര്‍ന്ന് തന്നെ പോകും,’ ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.
2012ലാണ് ബോള്‍ട്ട് ടി-20 ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 17 മത്സരം കളിച്ച താരം 12.84 ശരാശരിയിലും 6.07 എക്കോണമിയിലും 32 വിക്കറ്റുകളാണ് നേടിയത്. 4/13 ആണ് ലോകകപ്പില്‍ താരത്തിന്റെ മികച്ച പ്രകടനം.
ഏറെ പ്രതീക്ഷകളോടെ 2024 ടി-20 ലോകകപ്പിനെത്തിയ കിവികള്‍ക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ന്യൂസിലാന്‍ഡ് പരാജയപ്പെടുകയും അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും തങ്ങളുടെ ആദ്യ മൂന്ന് മത്സരങ്ങള്‍ വിജയിക്കുകയും ചെയ്തതോടെ ന്യൂസിലാന്‍ഡ് 2024 ടി-20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഇതാദ്യമായാണ് കിവികള്‍ ടി-20 ലോകകപ്പിന്റെ രണ്ടാം ഘട്ടം കാണാതെ പുറത്താകുന്നത്.
ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 84 റണ്‍സിന്റെ കൂറ്റന്‍ പരാജയമേറ്റുവാങ്ങിയ ന്യൂസിലാന്‍ഡ് വെസ്റ്റ് ഇന്‍ഡീസിനോട് 13 റണ്‍സിനാണ് പരാജയപ്പെട്ടത്. ഈ രണ്ട് മത്സരത്തിലും ബോള്‍ട്ട് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
അഫ്ഗാനിസ്ഥാനെതിരെ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിന്‍ഡീസിനെതിരെ നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ഇടംകയ്യന്‍ പേസര്‍ പിഴുതെറിഞ്ഞത്.
ഉഗാണ്ടക്കെതിരായ മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഒമ്പത് വിക്കറ്റിന് വിജയിച്ചപ്പോഴും ബോള്‍ട്ട് ബൗളിങ്ങിലെ തന്റെ മാന്ത്രികത പുറത്തെടുത്തിരുന്നു. നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
അതേസമയം, പപ്പുവ ന്യൂ ഗിനിക്കെതിരെ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ബൗളിങ് തെരഞ്ഞെടുത്തു. ഈ ലോകകപ്പില്‍ ന്യൂസിസാന്‍ഡിന്റെ അവസാന മത്സരമാണിത്. മഴ കാരണം ടോസ് ഒരു മണിക്കൂറോളം വൈകിയിരുന്നു. എന്നാല്‍ ടോസിനിടെ ഒരിക്കല്‍ക്കൂടി മഴയെത്തിയതോടെ മത്സരം വീണ്ടും വൈകിയിരിക്കുകയാണ്.