| Thursday, 27th June 2024, 7:41 pm

എല്ലാ ഘട്ടങ്ങളിലും പുതുമുഖങ്ങള്‍, ദേ ഇപ്പോള്‍ ഫൈനലിലും; ഇതാണ്ടാ ലോകകപ്പിന്റെ മാജിക്

ആദര്‍ശ് എം.കെ.

2024 ടി-20 ലോകകപ്പ് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇനി കേവലം രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഈ ലോകകപ്പില്‍ ബാക്കിയുള്ളത്.

പല ടീമുകളുടെ കുതിപ്പിനും ക്രിക്കറ്റ് ലോകത്തെ അതികായന്‍മാരുടെ കിതപ്പിനും ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചിരുന്നു. ന്യൂസിലാന്‍ഡും ശ്രീലങ്കയും പാകിസ്ഥാനും അടക്കമുള്ള ചാമ്പ്യന്‍ ടീമുകള്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായപ്പോള്‍ ആദ്യ ലോകകപ്പ് കളിക്കാനെത്തിയ ആതിഥേയ രാജ്യം യു.എസ്.എ സൂപ്പര്‍ 8ല്‍ പ്രവേശിച്ച് അടുത്ത ലോകകപ്പിനുള്ള ടിക്കറ്റും സ്വന്തമാക്കിയിരുന്നു.

ലോകകപ്പിന്റെ ആദ്യ ഘട്ടം മുതല്‍ ഇനി നടക്കാനിരിക്കുന്ന ഫൈനല്‍ വരെ ഓരോ റൗണ്ടിലും ഏതെങ്കിലും ടീമുകള്‍ തങ്ങളുടെ ലോകകപ്പ് (ഏകദിനം & ടി-20) ചരിത്രത്തിലാദ്യമായി ഈ നേട്ടത്തിലെത്തിയിരിക്കുകയാണ്.

ഗ്രൂപ്പ് ഘട്ടം – ഉഗാണ്ട

തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായാണ് ഉഗാണ്ട ലോകകപ്പിന് യോഗ്യത നേടിയത്. ആഫ്രിക്ക ക്വാളിഫയറില്‍ സിംബാബ് വേ, കെനിയ അടക്കമുള്ള ടീമുകളെ പരാജയപ്പെടുത്തിയാണ് ഉഗാണ്ട വേള്‍ഡ് കപ്പ് ബെര്‍ത്തുറപ്പിച്ചത്. ഇതോടെ ലോകകപ്പിന് യോഗ്യത നേടുന്ന അഞ്ചാമത് ആഫ്രിക്കന്‍ ടീം എന്ന നേട്ടവും ഇവര്‍ സ്വന്തമാക്കിയിരുന്നു.

സൂപ്പര്‍ 8 – യു.എസ്.എ

ഇന്ത്യയും പാകിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പ് എ-യില്‍ നിന്നുമാണ് യു.എസ്.എ സൂപ്പര്‍ 8ന് യോഗ്യത നേടിയത്. വെസ്റ്റ് ഇന്‍ഡീസിനൊപ്പം ഈ ലോകകപ്പിന്റെ സഹ ആതിഥേയര്‍ എന്ന ലേബലോടെയാണ് യു.എസ്.എ ബിഗ് ഇവന്റിനെത്തിയത്. എന്നാല്‍ പാകിസ്ഥാന്‍ അടക്കമുള്ള ടീമുകളെ പരാജയപ്പെടുത്തി ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാം സ്ഥാനക്കാരായി ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചാണ് യു.എസ്.എ സൂപ്പര്‍ 8ല്‍ പ്രവേശിച്ചത്.

സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് 2ലായിരുന്നു സൂപ്പര്‍ 8ല്‍ യു.എസ്.എയുടെ സ്ഥാനം. ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടത്തില്‍ ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും കന്നി ലോകകപ്പില്‍ തന്നെ വരവറിയിക്കാനും ഇന്ത്യയും ശ്രീലങ്കയും ആതിഥേയരാകുന്ന 2026 ലോകകപ്പിന് യോഗ്യത നേടാനും യു.എസ്.എക്കായി.

സെമി ഫൈനല്‍ – അഫ്ഗാനിസ്ഥാന്‍

സ്വപ്‌ന തുല്യമായിരുന്നു ഈ ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ യാത്ര. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലാന്‍ഡ് അടക്കമുള്ള ടീമുകളെ പരാജയപ്പെടുത്തി സൂപ്പര്‍ 8ന് യോഗ്യത നേടിയ അഫ്ഗാന്‍, ഇന്ത്യയും ഓസ്‌ട്രേലിയയും അടങ്ങുന്ന ഗ്രൂപ്പില്‍ നിന്നും മുന്‍ ചാമ്പ്യന്‍മാരായ കങ്കാരുക്കളെയും ബംഗ്ലാദേശിനെയും തോല്‍പിച്ചാണ് സെമി ഫൈനലില്‍ പ്രവേശിച്ചത്. അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്.

എന്നാല്‍ സെമി ഫൈനലില്‍ പ്രോട്ടിയാസിന്റെ അനുഭവ സമ്പത്തിനും കളി മികവിനും മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ ഫൈനലെന്ന മോഹം പാതിവഴിയില്‍ ഉപേക്ഷിച്ച് റാഷിദ് ഖാനും സംഘവും മടങ്ങുകയായിരുന്നു.

ഫൈനല്‍ – സൗത്ത് ആഫ്രിക്ക

വിവാദമായ 1992ലെ ഏകദിന ലോകകപ്പ് സെമി ഫൈനല്‍ അടക്കം ഏഴ് സെമി ഫൈനലുകള്‍. ഈ സെമിയിലെ പരാജയങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് സൗത്ത് ആഫ്രിക്ക ഒരു ലോകകപ്പിന്റെ ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്. എട്ടാം സെമിയില്‍ വിജയിച്ച പ്രോട്ടിയാസ് പുരുഷ ടീമിന്റെ ചരിത്രത്തിലെ ആദ്യ കലാശപ്പോരാട്ടം.

സൗത്ത് ആഫ്രിക്കയെ അണ്ടര്‍ 19 ലോകകപ്പ് ചൂടിച്ച ഏയ്ഡന്‍ മാര്‍ക്രത്തിന് കീഴിലാണ് സൗത്ത് ആഫ്രിക്ക ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ആദ്യ ഫൈനലില്‍ തന്നെ ആദ്യ കിരീടമെന്ന സ്വപ്‌നം പ്രോട്ടിയാസ് പൂര്‍ത്തിയാക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെയാണ് ഫൈനലില്‍ സൗത്ത് ആഫ്രിക്കക്ക് നേരിടാനുണ്ടാവുക. ജൂണ്‍ 29ന് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലാണ് ക്ലാസിക് പോരാട്ടത്തിന് വേദിയാകുന്നത്.

Also Read ഇത് ഞങ്ങളുടെ തുടക്കമാണ്, ഞങ്ങളുടെ ആത്മവിശ്വാസം അതാണ്; അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍

Also Read ടി-20 ലോകകപ്പ് സെമിയില്‍ സഞ്ജുവിന്റെ വജ്രായുധത്തെ കാത്തിരിക്കുന്നത് ഇരട്ട റെക്കോഡ്!

Also Read ഇത് അഫ്ഗാനിസ്ഥാനോട് കാണിച്ച നെറികേടാണ്; ഐ.സി.സിക്കെതിരെ പൊട്ടിത്തെറിച്ച് മൈക്കല്‍ വോണ്‍

Content Highlight: T20 World Cup: New teams qualified for each stage of the World Cup for the first time

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more