| Wednesday, 12th June 2024, 12:07 am

തകര്‍പ്പന്‍ നേട്ടവും ആര്‍ക്കും വേണ്ടാത്ത മോശം നേട്ടവും ഒറ്റ മത്സരത്തില്‍; ജയത്തിലും ഫിഫ്റ്റിയിലും റിസ്വാന് നാണക്കേട്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പിലെ 22ാം മത്സരത്തില്‍ കാനഡയെ പരാജയപ്പെടുത്തി പാകിസ്ഥാന് ജയം സ്വന്തമാക്കിയിരുന്നു. ന്യൂയോര്‍ക്കിലെ ഈസ്റ്റ് മെഡോയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് വിജയിച്ചത്. കാനഡ ഉയര്‍ത്തിയ 107 റണ്‍സിന്റെ വിജയലക്ഷ്യം 18ാം ഓവറില്‍ പാകിസ്ഥാന്‍ മറികടന്നു.

അര്‍ധ സെഞ്ച്വറി നേടിയ മുഹമ്മദ് റിസ്വാന്റെ കരുത്തിലാണ് പാകിസ്ഥാന്‍ ഈ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത്. 53 പന്ത് നേരിട്ട് 53 റണ്‍സാണ് താരം നേടിയത്. അന്താരാഷ്ട്ര ടി-20യില്‍ പാക് ഓപ്പണറുടെ 29ാം അര്‍ധ സെഞ്ച്വറിയാണിത്.

ഈ ഇന്നിങ്‌സില്‍ മറ്റൊരു കരിയര്‍ മൈല്‍ സ്‌റ്റോണും റിസ്വാന്‍ മറികടന്നിരുന്നു. ടി-20 ലോകകപ്പിലെ 500 റണ്‍സെന്ന നാഴികക്കല്ലാണ് താരം മറികടന്നത്. കരിയറിലെ 16ാം മത്സരത്തിലാണ് റിസ്വാന്‍ 500 എന്ന മാജിക്കല്‍ നമ്പര്‍ പിന്നിട്ടത്.

ഇതോടെ ടി-20 ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്നവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താനും റിസ്വാനായി.

ടി-20 ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍ (ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍)

(താരം – ടീം – 500 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കളിച്ച ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 11

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 13

കെവിന്‍ പീറ്റേഴ്‌സണ്‍ – ഇംഗ്ലണ്ട് – 13

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 15

മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 15*

രോഹിത് ശര്‍മ – ഇന്ത്യ – 17

ഷോയ്ബ് മാലിക്കിന് ശേഷം ടി-20 ലോകകപ്പില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത് പാക് താരമെന്ന നേട്ടവും റിസ്വാന്‍ സ്വന്തമാക്കി.

എന്നാല്‍ ഇതേ മത്സരത്തില്‍ ഒരു നാണക്കേടിന്റെ റെക്കോഡും റിസ്വാന്‍ കുറിച്ചിരുന്നു. കാനഡക്കെതിരെ 50 റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഈ മോശം നേട്ടം താരത്തെ തേടിയെത്തിയത്.

അന്താരാഷ്ട്ര ടി-20യില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ഏറ്റവുമധികം പന്തുകള്‍ നേരിട്ട താരമെന്ന മോശം റെക്കോഡാണ് റിസ്വാന്റെ പേരില്‍ കുറിക്കപ്പെട്ടത്. നേരിട്ട 52ാം പന്തിലാണ് റിസ്വാന്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

പ്രോട്ടിയാസ് സൂപ്പര്‍ താരം ഡേവിഡ് മില്ലറിന്റെ പേരിലാണ് ഇതിന് മുമ്പ് ഈ മോശം നേട്ടമുണ്ടായിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ 50 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെയാണ് ഡേവിഡ് മില്ലറിനെ തേടി ഈ നേട്ടമെത്തിയത്. എന്നിലിപ്പോള്‍ റിസ്വാന് പിറകില്‍ രണ്ടാമനാണ് മില്ലര്‍.

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അസോസിയേറ്റ് ടീമിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എന്ന നിലയില്‍ കാനഡ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഓപ്പണര്‍ ആരോണ്‍ ജോണ്‍സണിന്റെ അര്‍ധ സെഞ്ച്വറിയാണ് കാനഡയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 44 പന്തില്‍ 52 റണ്‍സാണ് താരം സ്വന്തമാക്കിയത്.

14 പന്തില്‍ പുറത്താകാതെ 13 റണ്‍സ് നേടിയ കലീം സനയാണ് കനേഡിയന്‍ നിരയിലെ രണ്ടാമത് മികച്ച സ്‌കോറര്‍.

പാകിസ്ഥാനായി മുഹമ്മദ് ആമിറും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഷഹീന്‍ അഫ്രിദി, നസീം ഷാ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനായി സയിം അയ്യൂബാണ് മുഹമ്മദ് റിസ്വാനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഈ കൂട്ടുകെട്ടിന് ഒരു തരത്തിലുള്ള മാജിക്കും കാണിക്കാന്‍ സാധിച്ചില്ല. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി.

12 പന്തില്‍ ആറ് റണ്‍സ് നേടിയ അയ്യൂബിന്റെ വിക്കറ്റാണ് പാകിസ്ഥാന് ആദ്യം നഷ്ടമായത്. ഡിലണ്‍ ഹെയ്‌ലിഗര്‍ എറിഞ്ഞ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ ശ്രേയസ് മൊവ്വക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

വണ്‍ ഡൗണായി ക്യാപ്റ്റന്‍ ബാബര്‍ അസമാണ് കളത്തിലിറങ്ങിയത്. രണ്ടാം വിക്കറ്റില്‍ 63 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്. പാകിസ്ഥാന്റെ വിജയത്തിന്റെ തുടക്കവും ഈ കൂട്ടുകെട്ടില്‍ നിന്നുമായിരുന്നു. എന്നാല്‍ ടീം സ്‌കോര്‍ 83ല്‍ നില്‍ക്കവെ 33 പന്തില്‍ 33 റണ്‍സുമായി ബാബര്‍ അസവും പുറത്തായി.

നാലാം നമ്പറിലെത്തിയ ഫഖര്‍ സമാന്‍ ആറ് പന്തില്‍ നാല് റണ്‍സും നേടി പുറത്തായി.

എന്നാല്‍ മറുവശത്ത് ഉറച്ചുനിന്ന മുഹമ്മദ് റിസ്വാന്‍ പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. 53 പന്തില്‍ പുറത്താകാതെ 53 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഒടുവില്‍ 18ാം ഓവറിലെ മൂന്നാം പന്തില്‍ പാകിസ്ഥാന്‍ ഈ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി. ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഇന്ത്യക്കും അമേരിക്കക്കും പിന്നിലായി മൂന്നാമതാണ് പാകിസ്ഥാന്‍.

മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത മുഹമ്മദ് ആമിറാണ് കളിയിലെ താരം.

ജൂണ്‍ 16നാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. സെന്‍ട്രല്‍ ബ്രൊവാര്‍ഡ് റീജ്യണല്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ അയര്‍ലന്‍ഡാണ് എതിരാളികള്‍.

Content highlight: T20 World Cup: Mohammed Rizwan with best and poor records

We use cookies to give you the best possible experience. Learn more