| Tuesday, 1st November 2022, 4:38 pm

അഡ്‌ലെയ്ഡില്‍ ഇന്ത്യയുടെ സെമി മോഹങ്ങള്‍ ഒലിച്ചുപോകുമോ? ആശങ്കയില്‍ ആരാധകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് സെമി ഉറപ്പാക്കാമെന്ന ടീം ഇന്ത്യയുടെ പ്രതീക്ഷകള്‍ കഴിഞ്ഞ ദിവസം ഉത്തരത്തിലിരിക്കുന്നത് കിട്ടിയതുമില്ല കക്ഷത്തിലിരിക്കുന്നത് ഇപ്പോ പോവും എന്ന സ്ഥിതിയിലായിരുന്നു.

പ്രോട്ടീസിനോട് അഞ്ച് വിക്കറ്റിന് തോറ്റതോടെ ബംഗ്ലാദേശിനും സിംബാബ്‌വേക്കും എതിരായ ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍ അതിനിര്‍ണായകമാണ്. എന്നാല്‍ ബംഗ്ലാ കടുവകള്‍ക്കെതിരായ മത്സരത്തിന് മുമ്പ് ആശങ്കാജനകമായ വാര്‍ത്തയാണ് ഇന്ത്യന്‍ ആരാധകരെ തേടിയെത്തിയിരിക്കുന്നത്.

അഡ്‌ലെയ്ഡ് ഓവലില്‍ നവംബര്‍ രണ്ടിനാണ് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം. ജീവന്‍മരണ പോരാട്ടത്തിന് ഇന്ത്യന്‍ ടീം തയ്യാറെടുക്കെ അഡ്‌ലെയ്ഡിലെ കാലാവസ്ഥാ പ്രവചനമാണ് ആശങ്ക സൃഷ്ടിക്കുന്നത്.

അഡ്‌ലെയ്ഡ് ഓവലില്‍ നവംബര്‍ രണ്ടാം തീയതിയാണ് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം. ജീവന്‍മരണ പോരാട്ടത്തിന് ഇന്ത്യന്‍ പട തയ്യാറെടുക്കുമ്പോള്‍ കാലാവസ്ഥാ പ്രവചനമാണ് ആശങ്ക സൃഷ്ടിക്കുന്നത്. മത്സരത്തിന് മുമ്പുള്ള ദിവസങ്ങളില്‍ അഡ്‌ലെയ്ഡില്‍ മഴ സാധ്യത പ്രവചിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മത്സരദിനമായ ബുധനാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ട്. കളിയെ മഴ തടസപ്പെടുത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വരുന്നതേയുള്ളൂ. മത്സരത്തിന് തൊട്ടുമുമ്പോ ഇടക്ക് വെച്ചോ മഴ പെയ്താല്‍ പൊതുവേ ബാറ്റിങ്ങിനനുകൂലമായ അഡ്‌ലെയ്ഡ് പിച്ചിന്റെ ഗതിയെന്താകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

അതേസമയം, മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം ഗ്രൂപ്പില്‍ നിലവില്‍ ഒന്നാമത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് വീതം ജയവുമായി ഇന്ത്യയും ബംഗ്ലാദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് നില്‍ക്കുന്നത്. നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യം ഇന്ത്യക്കുണ്ട്. എന്നാല്‍ ഇന്ത്യക്ക് പുറമെ പാകിസ്ഥാനേയും തോല്‍പിക്കാതെ ബംഗ്ലാദേശിന് മുന്നോട്ടുപോവുക പ്രയാസമാണ്.

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയോട് ഇന്ത്യ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് വഴങ്ങിയത്. ഈ ടൂര്‍ണമെന്റില്‍ ടീം ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. ഇന്ത്യ മുന്നോട്ടുവെച്ച 134 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക സ്വന്തമാക്കുകയായിരുന്നു.

Content Highlight: T20 World Cup, India vs Bangladesh: Will Rain Dent India’s Semifinal Hopes

We use cookies to give you the best possible experience. Learn more