| Tuesday, 30th April 2024, 4:17 pm

കാത്തിരിപ്പിന് വിരാമം; ആരാധകരെ ആവേശത്തിലാക്കി സഞ്ജു ലോകകപ്പ് ടീമില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. ജൂണ്‍ ഒന്ന് മുതല്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പിനുള്ള സ്‌ക്വാഡാണ് അപെക്‌സ് ബോര്‍ഡ് പ്രഖ്യാപിച്ചത്.

രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയും ഹര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കിയുമാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

വിക്കറ്റ് കീപ്പര്‍ ബാറ്ററായി മലയാളി താരം സഞ്ജു സാംസണ്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. സഞ്ജുവിന്റെ കരിയറിലെ ആദ്യ ലോകകപ്പ് ടൂറാണിത്. രാജസ്ഥാന്‍ നായകന് പുറമെ ദല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷബ് പന്തും സ്‌ക്വാഡിന്റെ ഭാഗമാണ്.

സഞ്ജു സാംസണ്‍ സ്‌ക്വാഡിന്റെ ഭാഗമാകുമോ എന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് തുടര്‍ച്ചയായ മത്സരങ്ങള്‍ വിജയിച്ച് പോയിന്റ് ടേബിളിന്റെ തലപ്പത്ത് ഇരിപ്പുറപ്പിക്കുമ്പോഴും സഞ്ജു ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടുമോ എന്ന ആശങ്ക ആരാധകരിലുണ്ടായിരുന്നു. എന്നാല്‍ ആശങ്കകള്‍ക്ക് വിരാമമിട്ടാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി താരത്തെയും ടീമിന്റെ ഭാഗമാക്കിയിരിക്കുന്നത്.

രോഹിത്തിനൊപ്പം യശസ്വി ജെയ്‌സ്വാളാകും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. വിരാട് കോഹ് ലി, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ടോപ് ഓര്‍ഡറിലെ മറ്റ് ബാറ്റര്‍മാര്‍.

ഹര്‍ദിക് പാണ്ഡ്യക്ക് പുറമെ ഓള്‍ റൗണ്ടര്‍മാരായി ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരും സ്‌ക്വാഡിന്റെ ഭാഗമാണ്.

സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരായി കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെയാൈണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്റ്റാന്‍ഡ് ബൈ താരങ്ങളായി ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍ എന്നിവരും സ്‌ക്വാഡിനൊപ്പം വിന്‍ഡീസിലേക്ക് പറക്കും.

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍)

യശസ്വി ജെയ്‌സ്വാള്‍

വിരാട് കോഹ്‌ലി

സൂര്യകുമാര്‍ യാദവ്

റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍)

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍)

ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍)

ശിവം ദുബെ

രവീന്ദ്ര ജഡേജ

അക്‌സര്‍ പട്ടേല്‍

കുല്‍ദീപ് യാദവ്

യൂസ്വേന്ദ്ര ചഹല്‍

അര്‍ഷ്ദീപ് സിങ്

ജസ്പ്രീത് ബുംറ

മുഹമ്മദ് സിറാജ്

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍

ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ അഞ്ചിന് ഈസ്റ്റ് മെഡോയാണ് വേദി.

ലോകകപ്പിലെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ജൂണ്‍ 05 – vs അയര്‍ലന്‍ഡ് – ഈസ്റ്റ് മെഡോ

ജൂണ്‍ 09 – vs പാകിസ്ഥാന്‍ – ഈസ്റ്റ് മെഡോ

ജൂണ്‍ 12 – vs യു.എസ്.എ – ഈസ്റ്റ് മെഡോ

ജൂണ്‍ 15 vs കാനഡ – സെന്‍ട്രല്‍ ബോവന്‍സ് റീജ്യണല്‍ പാര്‍ക്

Content highlight: T20 World Cup, India Announces Squad, Sanju Samson included

We use cookies to give you the best possible experience. Learn more