2024 ടി-20 ലോകകപ്പിലെ 25ാം മത്സരത്തിനാണ് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാകുന്നത്. ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ രണ്ടാമതുള്ള യു.എസ്.എയെ നേരിടുകയാണ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി. 23 പന്തില്‍ 27 റണ്‍സ് നേടിയ നിതീഷ് കുമാറും 30 പന്തില്‍ 24 റണ്‍സടിച്ച സ്റ്റീവന്‍ ടെയ്‌ലറുമാണ് യു.എസ്.എയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
സൗരഭ് നേത്രാവല്‍ക്കറാണ് ഇത്തവണയും ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചത്. നേത്രാവല്‍ക്കറിന്റെ ഫുള്‍ ലെങ്ത് ഡെലിവെറി ഫ്‌ളിക് ചെയ്യാനുള്ള രോഹിത് ശര്‍മയുടെ ശ്രമം പാളി. ഉയര്‍ന്നുപൊങ്ങിയ പന്ത് ഹര്‍മീത് സിങ് കൈപ്പിടിയിലൊതുക്കുകയായിരുന്നു.
ഇന്ത്യക്കായി നേരത്തെ അണ്ടര്‍ 19ഫോര്‍മാറ്റില്‍ കളിച്ച താരങ്ങളാണ് നേത്രാവല്‍ക്കറും ഹര്‍മീത് സിങ്ങും. നേത്രാവല്‍ക്കര്‍ ഇന്ത്യക്കായി 2010 U19 ലോകകപ്പില്‍ പന്തെറിയുകയും വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാവുകയും ചെയ്തിട്ടുണ്ട്. ഹര്‍മീത് സിങ്ങാകട്ടെ കുല്‍ദീപ് യാദവിന്റെയും സഞ്ജു സാംസണിന്റെയും സഹതാരവും.
ഇന്ത്യക്കെതിരെ കളിക്കുന്ന ആദ്യ ഇന്ത്യ U19 താരങ്ങള്‍ എന്ന നേട്ടവും കളത്തിലിറങ്ങിയപ്പോള്‍ തന്നെ ഇരുവരും സ്വന്തമാക്കിയിരുന്നു.
അതേസമയം, 14 ഓവര്‍ പിന്നിടുമ്പോള്‍ 67ന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ. 24 പന്തില്‍ 28 റണ്‍സുമായി സൂര്യകുമാര്‍ യാദവും 24 പന്തില്‍ 15 റണ്‍സുമായി ശിവം ദുബെയുമാണ് ക്രീസില്‍.