ഓസ്‌ട്രേലിയയില്‍ ഇത്തവണ ടി-20 ലോകകപ്പില്‍ മഴക്കളിയാണ്. സിഡ്‌നി സ്റ്റേഡിയത്തില്‍ നടക്കുന്ന പാകിസ്ഥാന്‍- ദക്ഷിണാഫ്രിക്ക മത്സരവും കളി കാണാനെത്തിയ മഴമേഘങ്ങള്‍ കൂട്ടിമുട്ടിയതുമൂലം തടസ്സപ്പെട്ടു.
പാക് പട പടുത്തുയര്‍ത്തിയ 186 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരവെയാണ് പ്രോട്ടീസിന്റെ കളി മഴ തടസ്സപ്പെടുത്തിയത്. 9 ഓവറില്‍ 69-4 എന്ന നിലയിലായിരുന്നു അപ്പോള്‍ പ്രോട്ടീസ് പട.
ഈ സമയത്ത് പ്രോട്ടീസിന് ജയിക്കാന്‍ 66 പന്തില്‍ 117 റണ്‍സ് കൂടി വേണമായിരുന്നു. എന്നാല്‍, മഴയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച മത്സരം വീണ്ടും ആരംഭിച്ചപ്പോള്‍ 14 ഓവറില്‍ 142 എന്ന തരത്തില്‍ കളി പുനര്‍ നിശ്ചയിക്കുകയായിരുന്നു.
പ്രോട്ടീസ് പടയുടെ മുമ്പില്‍ മഴ പെയ്‌തൊഴിഞ്ഞത് ഇടിത്തീ പോലെയായിരുന്നു. പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്ക് 14 ഓവറില്‍ 9 വിക്കറ്റിന് 108 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഇതോടെ മഴ കളിച്ച മത്സരത്തില്‍ പ്രോട്ടീസിനെതിരെ 33 റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ കരസ്ഥമാക്കിയത്. കൂടാതെ സെമി പ്രതീക്ഷകളും പാക് പട നിലനിര്‍ത്തി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് തുടക്കത്തില്‍ പാളിയെങ്കിലും പിന്നീട് കരുത്തോടെ ഉയര്‍ത്തെണീക്കുകയായിരുന്നു. ആദ്യ നാല് വിക്കറ്റ് വീണ ശേഷമാണ് പാക് പട 142 റണ്‍സ് അടിച്ചുകൂട്ടി 20 ഓവറില്‍ 9 വിക്കറ്റിന് 185 എന്ന മികച്ച സ്‌കോര്‍ അടിച്ച് കൂട്ടുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടമാകുമ്പോള്‍ 6.3 ഓവറില്‍ 43 റണ്‍സ് മാത്രമേ പാകിസ്ഥാനുണ്ടായിരുന്നുള്ളൂ.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ബംഗ്ലാദേശ് മത്സരവും മഴയെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടിവന്നിരുന്നു. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ മഴ ചതിച്ചതുകൊണ്ട് നാല് ഓവര്‍ ചുരുക്കി 16 ഓവറില്‍ 151 റണ്‍സായി കളി പുനര്‍ നിശ്ചയിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ ബംഗ്ലാ കടുവകള്‍ക്കെതിരെ അഞ്ച് റണ്‍സിന്റെ വിജയം കരസ്ഥമാക്കുകയായിരുന്നു.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. മത്സരത്തിന്റെ തുടക്കത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായെങ്കിലും പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും തകര്‍പ്പന്‍ ഷോട്ടുകളുമായി കളം നിറഞ്ഞ് കളിച്ചത്തോടെ സ്‌കോര്‍ ഉയര്‍ന്നു. 32 പന്തില്‍ രാഹുല്‍ 52 റണ്‍സാണ് നേടിയത്.
നേരത്തെ മഴമൂലം സൂപ്പര്‍ 12 റൗണ്ടിലെ അഫ്ഗാനിസ്ഥാന്‍- അയര്‍ലന്‍ഡ്, സിംബാബ്‌വേ- ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരങ്ങലും ഉപേക്ഷിച്ചിരുന്നു. മഴ വില്ലനായി മത്സരങ്ങള്‍ തടസ്സപ്പെടുന്നത് മൂലം ടീമുകളുടെ സെമി സാധ്യതക്കും മങ്ങലേല്‍ക്കുന്നുണ്ട്.