ഐ.സി.സി ടി-20 ലോകകപ്പിനാണ് ആരാധകര്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുന്നത്. ജൂണ്‍ രണ്ടിന് ആരംഭിക്കുന്ന ഗ്ലോബല്‍ ഇവന്റിന് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും ചേര്‍ന്നാണ് ആതിഥേയത്വം വഹിക്കുന്നത്. 20 ടീമുകള്‍ ലോകകപ്പില്‍ പങ്കെടുക്കും.
രോഹിത് ശര്‍മയെ നായകനാക്കിയും ഹര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കിയുമാണ് ഇന്ത്യ ലോകകപ്പിനായി പറക്കുന്നത്. ഐ.പി.എല്ലിലേയും അന്താരാഷ്ട്ര മത്സരങ്ങളിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് ഇന്ത്യ 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചത്.
ഇപ്പോള്‍ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരവും 2019 ലോകകപ്പില്‍ ത്രീ ലയണ്‍സിനെ കിരീടം ചൂടിച്ച നായകനുമായ ഓയിന്‍ മോര്‍ഗന്‍. ലോകകപ്പിലെ ഏറ്റവും ശക്തമായ ടീം ഇന്ത്യയാണെന്നും ഇന്ത്യ തന്നെ കപ്പുയര്‍ത്തുമെന്നുമാണ് മോര്‍ഗന്‍ അഭിപ്രായപ്പെട്ടത്.
സ്‌കൈ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയിലായിരുന്നു മോര്‍ഗന്‍ ഇക്കാര്യം പറഞ്ഞത്.
‘ലോകകപ്പിലെ ഏറ്റവും ശക്തമായ ടീം ഇന്ത്യയാണ് അക്കാര്യത്തില്‍ ഒരു സംശയവുമില്ല. പരിക്കുകള്‍ വലയ്ക്കുന്നുണ്ടെങ്കിലും ഇന്ത്യ തന്നെയാണ് ശക്തമായ നിര. അവരുടെ ശക്തിയും ഇപ്പോള്‍ തികച്ചും അവിശ്വസനീയമാണ്.
ഇപ്പോള്‍ സ്‌ക്വാഡിന്റെ ഭാഗമായ ഏറ്റവും ക്വാളിറ്റിയുള്ള 15 താരങ്ങള്‍ കാരണം സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാതെ പോയ താരങ്ങളെ കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്.
ഈ ലോകകപ്പ് നേടാന്‍ സാധ്യത കല്‍പിക്കുന്നത് അവര്‍ക്കാണ്. കടലാസിലെ കരുത്ത് അവര്‍ക്കുണ്ടെന്ന് തന്നെയാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്. അത് കളിക്കളത്തില്‍ പുറത്തെടുക്കാന്‍ സാധിച്ചാല്‍ ടൂര്‍ണമെന്റില്‍ അവര്‍ക്ക് ഏത് ടീമിനെയും പരാജയപ്പെടുത്താന്‍ സാധിക്കും,’ മോര്‍ഗന്‍ പറഞ്ഞു.