ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളിലാണ് ടീമുകള്‍. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ഐ.സി.സി ബിഗ് ഇവന്റില്‍ തിളങ്ങാന്‍ തന്നെയാണ് 20 ടീമുകളും കച്ച മുറുക്കുന്നത്.
ലോകകപ്പിന് മുന്നോടിയായി ഇതിഹാസ താരം ഡ്വെയ്ന്‍ ബ്രാവോയെ ടീമിനൊപ്പം ചേര്‍ത്താണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എതിരാളികളെ ഞെട്ടിച്ചിരിക്കുന്നത്. ടീമിന്റെ ബൗളിങ് കണ്‍സള്‍ട്ടന്റായാണ് വിന്‍ഡീസ് ലെജന്‍ഡ് അഫ്ഗാനൊപ്പം ചേരുക.
— Afghanistan Cricket Board (@ACBofficials) May 21, 2024
വിന്‍ഡീസ് ഗ്രൗണ്ടുകളില്‍ അഫ്ഗാന്റെ ബൗളിങ് കരുത്ത് മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടീം ബ്രാവോയെ ക്യാമ്പിലെത്തിച്ചിരിക്കുന്നത്. ടി-20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരന്റെ സേവനം അഫ്ഗാന്‍ ബൗളര്‍മാര്‍ക്ക് ഗുണമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ഗുലാബ്ദീന്‍ നയീബ്, ഇബ്രാഹിം സദ്രാന്‍, നജീബുള്ള സദ്രാന്‍, അസ്മത്തുള്ള ഒമര്‍സായ്, കരീം ജന്നത്, മുഹമ്മദ് നബി, നന്‍ഗേലിയ ഖരോട്ടെ, മുഹമ്മദ് ഇസ്ഹാഖ് (വിക്കറ്റ് കീപ്പര്‍), റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഫരീദ് അഹമ്മദ്, ഫസലാഖ് ഫാറൂഖി, മുജീബ് ഉര്‍ റഹ്‌മാന്‍, നവീന്‍ ഉള്‍ ഹഖ്, നൂര്‍ അഹമ്മദ്, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍).
ലോകകപ്പിന് മുമ്പ് ഒമാനെതിരെയും സ്‌കോട്‌ലാന്‍ഡിനെതിരെയും അഫ്ഗാനിസ്ഥാന്‍ സന്നാഹ മത്സരങ്ങള്‍ കളിക്കും.
ജൂണ്‍ നാലിനാണ് ലോകകപ്പില്‍ അഫ്ഗാന്റെ ആദ്യ മത്സരം. അഫ്രിക്കന്‍ ക്വാളിഫയര്‍ വിജയിച്ചെത്തിയ ഉഗാണ്ടയാണ് എതിരാളികള്‍.
ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍
ജൂണ്‍ 4 vs ഉഗാണ്ട – പ്രൊവിഡന്‍സ് സ്റ്റേഡിയം.
ജൂണ്‍ 8 vs ന്യൂസിലാന്‍ഡ് – പ്രൊവിഡന്‍സ് സ്റ്റേഡിയം.
ജൂണ്‍ 14 vs പപ്പുവാ ന്യൂ ഗിനിയ – ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി.
ജൂണ്‍ 18 vs വെസ്റ്റ് ഇന്‍ഡീസ് – ഡാരന്‍ സമ്മി ക്രിക്കറ്റ് ഗ്രൗണ്ട്.
ജൂണ്‍ രണ്ടിനാണ് ടി-20 ലോകകപ്പ് ആരംഭിക്കുന്നത്. ഡാല്ലസില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ അമേരിക്ക അമേരിക്കാസ് ക്വാളിഫയര്‍ ജയിച്ചെത്തിയ കാനഡയെ നേരിടും.
നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ജൂണ്‍ നാലിനാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ബാര്‍ബഡോസില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.
20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ കളത്തിലിറങ്ങുന്നത്.
അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും ലോകകപ്പിന്റെ ആതിഥേയരായതോടെ നേരിട്ട് യോഗ്യത നേടിയിരുന്നു.
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്സ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ 2022 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ലോകകപ്പിന് ടിക്കറ്റെടുത്തത്.
ഏഷ്യന്‍ ക്വാളിഫയേഴ്സ് ജയിച്ച് നേപ്പാളും ഒമാനും സ്ഥാനമുറപ്പിച്ചപ്പോള്‍ സ്‌കോട്‌ലാന്‍ഡും അയര്‍ലന്‍ഡും യൂറോപ്യന്‍ ക്വാളിഫയര്‍ ജയിച്ച് ലോകകപ്പിന് യോഗ്യത നേടി.
അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും കാനഡയും ഈസ്റ്റ് ഏഷ്യാ-പസഫിക് ക്വാളിഫയറില്‍ നിന്നും പപ്പുവാ ന്യൂ ഗിനിയയും ലോകകപ്പിനെത്തും.
നമീബിയയും ഉഗാണ്ടയുമാണ് ആഫ്രിക്കന്‍ ക്വാളിഫയേഴ്സില്‍ നിന്നും ലോകകപ്പിനെത്തുന്നത്. ഇതാദ്യമായാണ് ഉഗാണ്ട ഐ.സി.സി ഇവന്റിന് യോഗ്യത നേടുന്നത്.
Content highlight: T20 World Cup: Afghanistan appointed Dwayne Bravo as bowling consultant