2024 ടി-20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയം സ്വന്തമാക്കിയിരുന്നു. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസ് വിജയിച്ചത്.
സൂപ്പര്‍ താരങ്ങളായ റോസ്റ്റണ്‍ ചെയ്സ്, ബ്രാന്‍ഡന്‍ കിങ്, നിക്കോളാസ് പൂരന്‍ എന്നിവരുടെ ഇന്നിങ്സിന്റെ ബലത്തിലാണ് ആതിഥേയര്‍ വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാന്‍ പപ്പുവ ന്യൂ ഗിനിക്കായി. അന്താരാഷ്ട്ര ടി-20 ചരിത്രത്തില്‍ ഒരു ഫുള്‍ മെമ്പര്‍ ടീമിനെതിരെ അസോസിയേറ്റ് ടീം രണ്ട് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞുവെന്ന നേട്ടമാണ് പി.എന്‍.ജി നേടിയത്. ഇത് രണ്ടാം തവണ മാത്രമാണ് അന്താരാഷ്ട്ര ടി-20യില്‍ ഈ റെക്കോഡ് പിറവിെയടുത്തത്.
വിന്‍ഡീസ് ഇന്നിങ്‌സിലെ രണ്ടാം ഓവറിലാണ് ആദ്യ മെയ്ഡന്‍ പിറന്നത്. യുവതാരം അലെയ് നവോയെറിഞ്ഞ ഓവറില്‍ ഒറ്റ റണ്‍സ് പോലും പിറന്നില്ല എന്ന് മാത്രമല്ല, ഒരു വിക്കറ്റും താരം നേടി.
ശേഷം ഇന്നിങ്‌സിലെ പത്താം ഓവറില്‍ ക്യാപ്റ്റന്‍ അസദ് വാലയും ഒറ്റ റണ്‍സ് പോലും വഴങ്ങാതെ ആറ് പന്തും എറിഞ്ഞു തീര്‍ത്തു. ഓവറില്‍ ബ്രാന്‍ഡന്‍ കിങ്ങിന്റെ വിക്കറ്റും ക്യാപ്റ്റന്‍ സ്വന്തമാക്കി.
2016ലെ അഫ്ഗാനിസ്ഥാന്‍-സിംബാബ്‌വേ മത്സരത്തിലാണ് ഈ നേട്ടം ആദ്യം പിറവിയെടുത്തത്. അന്നും രണ്ട് ഓവറും വിക്കറ്റ് മെയ്ഡന്‍ തന്നെയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പി.എന്‍.ജി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടി. വെറ്ററന്‍ സൂപ്പര്‍ താരം സെസെ ബൗവിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പപ്പുവ ന്യൂ ഗിനി പൊരുതാവുന്ന സ്‌കോറിലെത്തിയത്.
43 പന്ത് നേരിട്ട് ഒരു സിക്‌സറും ആറ് ബൗണ്ടറിയുമടക്കം 50 റണ്‍സാണ് താരം നേടിയത്.
സെസെ ബൗവിന് പുറമെ വിക്കറ്റ് കീപ്പര്‍ കിപ്ലിന്‍ ഡോരിഗയുടെയും ക്യാപ്റ്റന്‍ അസദ് വാലയുടെയും ഇന്നിങ്‌സുകളാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
ഡോരിഗ 18 പന്തില്‍ പുറത്താകാതെ 27 റണ്‍സ് നേടിയപ്പോള്‍ വാല 22 പന്തില്‍ 21 റണ്‍സും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കത്തിലേ പിഴച്ചിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ജോണ്‍സണ്‍ ചാള്‍സിനെ ഗോള്‍ഡന്‍ ഡക്കായി ടീമിന് നഷ്ടമായി.
പിന്നാലെയെത്തിയ നിക്കോളാസ് പൂരനും കാര്യങ്ങള്‍ അത്ര കണ്ട് പന്തിയായിരുന്നില്ല. നേരിട്ട ആദ്യ 11 പന്തില്‍ വെറും 2 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. എന്നാല്‍ സെസെ ബൗവിന്റെ ഓവറില്‍ രണ്ട് സിക്സറടിച്ച് മത്സരത്തിലേക്ക് തിരിച്ചുവന്ന താരം 27 റണ്‍സ് നേടിയാണ് പുറത്തായത്.
നാലാം നമ്പറിലെത്തിയ റോസ്റ്റണ്‍ ചെയ്സ് 27 പന്തില്‍ പുറത്താകാതെ 42 റണ്‍സ് നേടി. രണ്ട് സിക്സറും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഒടുവില്‍ ആറ് പന്തും അഞ്ച് വിക്കറ്റും കയ്യില്‍ ബാക്കി നില്‍ക്കെ വിന്‍ഡീസ് വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: T20 World Cup 2024: WI vs PNG: Papua New Guinea created history