2024 ലോകകപ്പില്‍ വിരാട് കോഹ്‌ലിക്ക് ഇനിയും തിളങ്ങാന്‍ സാധിച്ചിട്ടില്ല. മൂന്ന് മത്സരത്തില്‍ നിന്നും 1.66 ശരാശരിയില്‍ വെറും അഞ്ച് റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ലെജന്‍ഡിന് കണ്ടെത്താന്‍ സാധിച്ചത്.
താരത്തിന്റെ മോശം പ്രകടനത്തില്‍ ആരാധകര്‍ ഏറെ നിരാശരാണെങ്കിലും വിരാട് തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ആരാധകര്‍ക്കൊപ്പം മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസവുമായ വസീം ജാഫറും ഇതേ ശുഭാപ്തി വിശ്വാസത്തിലാണ്.
വിരാടിനെ ഒരിക്കലും എഴുതി തള്ളരുതെന്നും വരും മത്സരങ്ങളില്‍ വിരാട് മികച്ച രീതിയില്‍ തിരിച്ചുവരുമെന്നുമാണ് വസീം ജാഫര്‍ പറയുന്നത്. ഇതിന് പുറമെ ഈ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമാകാനും വിരാടിന് സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
‘ന്യൂയോര്‍ക്കിലെ പിച്ചില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രോഹിത് ശര്‍മക്കും വിരാട് കോഹ്‌ലിക്കും സാധിച്ചിട്ടില്ല. ഇക്കാരണം കൊണ്ടുതന്നെ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും അവര്‍ക്ക് ഇടം കണ്ടെത്താനായിട്ടില്ല.
പക്ഷേ ഒരിക്കലും വിരാട് കോഹ്‌ലിയെ എഴുതിത്തള്ളരുത്. ടൂര്‍ണമെന്റ് പുരോഗമിക്കുമ്പോള്‍ വിരാട് തന്റെ തനിനിറം പുറത്തെടുക്കുകയും അത്ഭുതങ്ങള്‍ കാണിക്കുകയും ചെയ്യും.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരനായി ലോകകപ്പിന് മുമ്പ് ഞാന്‍ വിരാട് കോഹ്‌ലിയെയാണ് തെരഞ്ഞെടുത്തത്. ഞാന്‍ ഇപ്പോഴും ഇതില്‍ വിരാട് കോഹ്‌ലിയില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു,’ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ വസീം ജാഫര്‍ പറഞ്ഞു.
ലോകകപ്പില്‍ കളിച്ച മൂന്ന് മത്സരത്തില്‍ നിന്നും ഒറ്റ ബൗണ്ടറി മാത്രമാണ് ഇതുവരെ വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ അഞ്ച് പന്ത് നേരിട്ട് ഒരു റണ്‍സ് നേടിയ വിരാട് പാകിസ്ഥാനെതിരെ മൂന്ന് പന്തില്‍ നാല് റണ്‍സും നേടി മടങ്ങി.
ടി-20 ലോകകപ്പ് ചരിത്രത്തില്‍ വിരാട് ഇത് അഞ്ചാം തവണയാണ് ഒറ്റയക്കത്തിന് പുറത്താകുന്നത്. മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ 24 ഇന്നിങ്‌സില്‍ ഒരിക്കല്‍ മാത്രം ഒറ്റയക്കത്തിന് മടങ്ങിയ വിരാട് ഓപ്പണിങ്ങില്‍ ഇറങ്ങിയ നാലില്‍ നാല് മത്സരത്തിലും ഇരട്ടയക്കം കാണാതെയാണ് പുറത്തായത്. ഇതില്‍ മൂന്നും പിറന്നതാകട്ടെ 2024 ടി-20 ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും.