പാകിസ്ഥാനെതിരായ ലോ സ്‌കോറിങ് ത്രില്ലറിലെ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ മെന്‍ ഇന്‍ ബ്ലൂവിന്‌റെ വിജയശില്‍പിയായ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം വസീം അക്രം. ക്രിക്കറ്റിലെ ഏത് ഫോര്‍മാറ്റ് എടുത്ത് പരിശോധിച്ചാലും ബുംറയാണ് നിലവിലെ ഏറ്റവും മികച്ച ബൗളര്‍ എന്നാണ് വസീം അക്രം അഭിപ്രായപ്പെട്ടത്.
‘ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ ആരാണെന്ന് പരിശോധിക്കുമ്പോള്‍, ടെസ്റ്റിലോ വൈറ്റ് ബോള്‍ ഫോര്‍മാറ്റായ ടി-20യിലോ ഏകദിനത്തിലോ എടുത്ത് പരിശോധിക്കുകയാണെങ്കിലും മൂന്നിലും ഒരാളുടെ പേര് മാത്രമേ ഉണ്ടാകൂ, അത് ജസ്പ്രീത് ബുംറയുടേതാണ്.
അവന്റെ ബൗളിങ്ങിനെ കുറിച്ച് പറയുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ നടന്ന ഏഷ്യാ കപ്പിലും, ശേഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലും അവന്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്.
അവന്‍ രണ്ട് വശത്തേക്കും പന്ത് അനായാസമായാണ് സ്വിങ് ചെയ്യുന്നത്. അവന്റെ യോര്‍ക്കറും വളരെ മികച്ചതാണ്. മികച്ച പേസ്, മികച്ച വേരിയേഷനുകള്‍, എല്ലാം മികച്ചതാണ്. അവനൊരു കംപ്ലീറ്റ് ബൗളറാണ്,’ വസീം അക്രം പറഞ്ഞു.
പാകിസ്ഥാനെതിരായ മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ ബുംറ വെറും 14 റണ്‍സ് മാത്രമാണ് വഴങ്ങിയത്. പാക് നായകന്‍ ബാബര്‍ അസം, സൂപ്പര്‍ താരങ്ങളായ മുഹമ്മദ് റിസ്വാന്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരുടെ എണ്ണം പറഞ്ഞ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
അവസാന രണ്ട് ഓവറില്‍ അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ പാകിസ്ഥാന് വിജയിക്കാന്‍ 21 റണ്‍സ് മാത്രമായിരുന്നു ആവശ്യമുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ പന്തെറിയാനെത്തിയ താരം വെറും രണ്ട് റണ്‍സ് മാത്രമാണ് വഴങ്ങിയത്. പാകിസ്ഥാന്റെ അവസാന പ്രതീക്ഷയായ ഇഫ്തിഖര്‍ അഹമ്മദിന്റെ വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
ഈ പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായും ബുംറയെ തെരഞ്ഞെടുത്തിരുന്നു. അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തിലും ബുംറ തന്നെയായിരുന്നു കളിയിലെ കേമന്‍.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ബുംറ സ്വന്തമാക്കിയിരുന്നു. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് തവണയോ അതില്‍ കൂടുതലോ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന നാലാമത്തെ താരമാകാനാണ് ബുംറയ്ക്ക് സാധിച്ചത്.
ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് തവണയോ അതില്‍ കൂടുതലോ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന താരങ്ങള്‍
വിരാട് കോഹ്‌ലി – 7
രവിചന്ദ്ര അശ്വിന്‍ – 3
യുവരാജ് സിങ് – 3
ജസ്പ്രിത് ബുംറ – 3*
വരും മത്സരങ്ങളിലും ഇന്ത്യ തങ്ങളുടെ വജ്രായുധത്തിന്റെ കരുത്തിനെ തന്നെയാണ് ആശ്രയിക്കുന്നത്.
ജൂണ്‍ 12നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്തെത്തിയ യു.എസ്.എയാണ് എതിരാളിരള്‍.
അമേരിക്കക്കെതിരെയും വിജയിച്ച് ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ അതേ നേട്ടം ആവര്‍ത്തിക്കാനാണ് അമേരിക്ക ഒരുങ്ങുന്നത്. ഗ്രൂപ്പ് എ-യില്‍ പരാജയമറിയാത്ത രണ്ട് പേര്‍ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.
Content Highlight: T20 World Cup 2024: Wasim Akram praises Jasprit Bumrah