|

ചെയ്‌സ് മാസ്റ്ററുടെ കരിയറിലെ ഏറ്റവും വലിയ ബ്ലാക് മാര്‍ക്; ചരിത്രത്തിലാദ്യം, തലകുനിച്ച് വിരാട്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് ക്യാംപെയ്ന്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ഇന്ത്യ. ന്യൂയോര്‍ക്കിലെ ഈസ്റ്റ് മെഡോയില്‍ നടന്ന ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി അയര്‍ലന്‍ഡിനെ ബാറ്റിങ്ങിനയച്ച ഇന്ത്യ എതിരാളികളെ 96 റണ്‍സിന് പുറത്താക്കുകയായിരുന്നു. പേസര്‍മാരുടെ കരുത്തിലാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്.

ഐറിഷ് നിരയില്‍ വീണ പത്ത് വിക്കറ്റില്‍ എട്ടും എറിഞ്ഞിട്ടത് പേസര്‍മാരായിരുന്നു. വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും ഓരോ വിക്കറ്റ് വീതവും നേടി. സിറാജ് ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ഗാരത് ഡെലാനി റണ്‍ ഔട്ടായി പുറത്താവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയുടെയും റിഷബ് പന്തിന്റെ ഇന്നിങ്‌സിന്റെയും കരുത്തില്‍ അനായസ ജയം സ്വന്തമാക്കി.

രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങിയ വിരാട് കോഹ്‌ലി പാടെ നിരാശപ്പെടുത്തി. അഞ്ച് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് വിരാട് നേടിയത്. മാര്‍ക് അഡയറിന്റെ പന്തില്‍ ബൗണ്ടറി ലൈനിന് സമീപം ബെഞ്ചമിന്‍ വൈറ്റിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ വിരാട് കോഹ്‌ലിയുടെ ഏറ്റവും മോശം സ്‌കോറാണിത്. ലോകകപ്പില്‍ ഇതുവരെ പൂജ്യത്തിന് പുറത്താകാത്ത താരമെന്ന റെക്കോഡ് തന്റെ പേരില്‍ തുടരുമ്പോഴാണ് കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്ന് വിരാട് പുറത്തെടുക്കുന്നത്.

റണ്‍ ചെയ്‌സില്‍ ഇന്ത്യയുടെ വിശ്വസ്തനായ വിരാട് ടി-20 ലോകകപ്പില്‍ ചെയ്‌സിങ്ങിനിടെ ഒറ്റയക്കത്തിന് പുറത്താകുന്നതും ഇതാദ്യമാണ്.

വരും മത്സരങ്ങളില്‍ വിരാട് മികച്ച ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ജൂണ്‍ ഒമ്പതിനാണ് ഇന്ത്യ ലോകകപ്പിലെ തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ഇതേ വേദിയില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.

ലോകകപ്പില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ ട്രാക്ക് റെക്കോഡാണ് വിരാടിനുള്ളത്. 308 എന്ന അവിശ്വസനീയ ബാറ്റിങ് ശരാശരിയാണ് ലോകകപ്പില്‍ പാകിസ്ഥാനെതിരെ വിരാട് കോഹ്‌ലിക്കുള്ളത്.

132.75 എന്ന സ്‌ട്രൈക്ക് റേറ്റില്‍ നാല് അര്‍ധ സെഞ്ച്വറികളാണ് അഞ്ച് ലോകകപ്പില്‍ നിന്നുമായി വിരാട് സ്വന്തമാക്കിയത്. പാകിസ്ഥാനെതിരായ അടുത്ത മത്സരത്തില്‍ വിരാട് തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: T20 World Cup 2024: Virat Kohli scripts a poor record