ടി-20 ലോകകപ്പില്‍ സൂപ്പര്‍ 8 കാണാതെ ന്യൂസിലാന്‍ഡ് പുറത്തായിരിക്കുകയാണ്. കളിച്ച രണ്ട് മത്സരത്തില്‍ രണ്ടിലും പരാജയപ്പെട്ട ന്യൂസിലാന്‍ഡ് നിലവില്‍ ഗ്രൂപ്പ് സി സ്റ്റാന്‍ഡിങ്‌സില്‍ അവസാന സ്ഥാനക്കാരാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഇനിയും രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും വില്യംസണും സംഘത്തിനും ഇനി പ്രതീക്ഷകളൊന്നും ബാക്കിയില്ല. അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിക്കുകയും സൂപ്പര്‍ 8ലേക്ക് കടക്കുകയും ചെയ്തതോടെയാണ് ന്യൂസിലാന്‍ഡിന്റെ ലോകകപ്പ് മോഹങ്ങള്‍ അവസാനിച്ചത്.
അതേസമയം, തോല്‍വിയില്‍ നീറി നില്‍ക്കുന്ന ന്യൂസിലാന്‍ഡ് താരത്തിനെ ഐ.സി.സി ശാസിച്ചിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പിന്നാലെ ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ടിം സൗത്തിക്കാണ് ഐ.സി.സി ശാസന നല്‍കിയിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 2.2 അനുസരിച്ചുള്ള കുറ്റമാണ് സൗത്തി ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
‘ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങള്‍, ജേഴ്‌സി, ഗ്രൗണ്ട്, ഉപകരണങ്ങള്‍, ഫിറ്റിങ്‌സ് എന്നിവയുടെ ദുരുപയോഗ’ത്തെ സംബന്ധിക്കുന്നതാണ് ആര്‍ട്ടിക്കിള്‍ 2.2.
‘ബുധനാഴ്ച ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന 2024 ഐ.സി.സി പുരുഷ ടി-20 ലോകകപ്പ് മത്സരത്തില്‍ ഐ.സി.സി പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 കുറ്റം ചെയ്തിരിക്കുന്നതിനാല്‍ ടിം സൗത്തിക്ക് ഔദ്യോഗിക ശാസന നല്‍കുന്നു,’ ഐ.സി.സി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
ജൂണ്‍ 15നാണ് ന്യൂസിലാന്‍ഡിന്റെ അടുത്ത മത്സരം. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കുന്ന മത്സരത്തില്‍ ഉഗാണ്ടയാണ് എതിരാളികള്‍.
ജൂണ്‍ 17ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും കളിച്ച ന്യൂസിലാന്‍ഡ് തിരികെ വെല്ലിങ്ടണിലേക്ക് പറക്കും. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കുന്ന അവസാന മത്സരത്തില്‍ ഏഷ്യ-പസഫിക് ക്വാളിഫയര്‍ വിജയിച്ചെത്തിയ പപ്പുവ ന്യൂ ഗിനിയാണ് എതിരാളികള്‍.
Content highlight: T20 World Cup 2024: Tim Southee reprimanded for breaching ICC Code of Conduct during match against West Indies