ക്രിക്കറ്റിന് അത്രകണ്ട് വേരോട്ടമില്ലെങ്കിലും വെസ്റ്റ് ഇന്‍ഡീസിനൊപ്പം ഇത്തവണ അമേരിക്കയും ടി-20 ലോകകപ്പിന് വേദിയാവുകയാണ്. ക്രിക്കറ്റ് വളരെ വേഗം ജനപ്രീതിയാര്‍ജിക്കുകയും വളരുകയും ചെയ്യുന്ന അമേരിക്ക പോലെ ഒരു വികസിത രാജ്യത്തില്‍ ഇത്തരമൊരു ലോകകപ്പ് നടത്താന്‍ ഐ.സി.സിയും പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നു.
2028 ലോസ് ആഞ്ചലസ് ഒളിംപിക്‌സിന് മുന്നോടിയായി ഇത്തവണ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണത്തിലും ഐ.സി.സി വര്‍ധനവ് വരുത്തിയിട്ടുണ്ട്. ആതിഥേയരായ അമേരിക്കയടക്കം 20 ടീമുകളാണ് ഇത്തവണ വിശ്വകിരീടത്തിനായി മത്സരരംഗത്തുള്ളത്.
അമേരിക്കയില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് മുന്‍ താരങ്ങള്‍ കൈകോര്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഒരുവശത്ത് ലോകകപ്പിന്റെ ആവേശം അലതല്ലുമ്പോള്‍ മറുവശത്ത് ഇതിഹാസ താരം ഡെയ്ല്‍ സ്റ്റെയ്‌നിന്റെ ഒരു വീഡിയോ ആണ് വൈറലാകുന്നത്. ഒരു ടി-20 ലോകകപ്പ് സ്റ്റാഫില്‍ നിന്നും ബൗളിങ്ങിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്ന സ്റ്റെയ്‌നും, പ്രോട്ടിയാസ് ലെജഡന്‍ഡിന് ക്ലാസെടുക്കുന്ന സ്റ്റാഫുമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം.
താന്‍ പന്തെറിയാന്‍ പഠിപ്പിക്കുന്നത് ആരെയാണെന്നറിയാതെ നിയമങ്ങള്‍ പഠിപ്പിച്ചുകൊടുക്കുന്ന സ്റ്റാഫിന്റെ വീഡിയോ വൈറലാവുകയാണ്. പന്തെറിയുമ്പോള്‍ ഒരിക്കലും കൈമുട്ട് മടങ്ങരുതെന്നാണ് സ്റ്റാഫ് സ്റ്റെയ്‌നിന് ക്ലാസെടുക്കുന്നത്. ഇതിന് പുറമെ പന്ത് പിച്ച് ചെയ്യിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഇയാള്‍ സ്‌റ്റെയ്‌നിന് വിശദീകരിക്കുന്നു.
View this post on Instagram
എന്നാല്‍ താന്‍ ആരാണെന്നോ, എന്താണെന്നോ വെളിപ്പെടുത്താതെ സ്റ്റെയ്ന്‍, ലോകകപ്പ് സ്റ്റാഫിന്റെ വാക്കുകള്‍ ശ്രദ്ധിച്ചുകേള്‍ക്കുയും അതിനനുസരിച്ച് പന്തെറിയുകയുമായിരുന്നു.
സ്‌റ്റെയ്ന്‍ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ സ്റ്റാഫ് അദ്ദേഹത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
സൗത്ത് ആഫ്രിക്കക്കായി 93 ടെസ്റ്റിലും 125 ഏകദിനത്തിലും 47 അന്താരാഷ്ട്ര ടി-20യിലും പന്തെറിഞ്ഞ സ്‌റ്റെയ്ന്‍ 699 അന്താരാഷ്ട്ര വിക്കറ്റും നേടിയിട്ടുണ്ട്. 2008 മുതല്‍ 2014 വരെ 263 ആഴ്ചകള്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതുണ്ടായിരുന്ന ഇതിഹാസ താരം മറ്റാര്‍ക്കും അധികം പെട്ടെന്ന് തകര്‍ക്കാനാകാത്ത പല റെക്കോഡുകളും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ സൗത്ത് ആഫ്രിക്കക്കായി കിരീടം നേടാന്‍ മാത്രം സ്‌റ്റെയ്‌നിന് സാധിച്ചിരുന്നില്ല.
എന്നാല്‍ ഇത്തവണ കിരീടം നേടാനുള്ള അവസരം സൗത്ത് ആഫ്രിക്കക്ക് മുമ്പിലുണ്ട്. ശ്രീലങ്കക്കെതിരെ മികച്ച വിജയം നേടിയാണ് പ്രോട്ടിയാസ് വേള്‍ഡ് കപ്പ് ക്യാമ്പെയ്ന്‍ ആരംഭിച്ചത്. ന്യൂയോര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക നേടിയത്.
ജൂണ്‍ എട്ടിനാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം. ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍, 2023 ഏകദിന ലോകകപ്പില്‍ പ്രോട്ടിയാസിനെ അട്ടിമറിച്ച നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍.
Content Highlight: T20 World Cup 2024: T20 World Cup staff attempts teaching pace bowling to Dale Steyn, Video goes viral