ടി-20 ലോകകപ്പിലെ 27ാം മത്സരത്തില്‍ ബംഗ്ലാദേശ് നെതര്‍ലന്‍ഡ്‌സിനെ നേരിടുകയാണ്. അര്‍ണോസ് വെയ്ല്‍ സ്‌റ്റേഡിയമാണ് ഗ്രൂപ്പ് ഡി-യിലെ ക്ലാസിക് പോരാട്ടത്തിന് വേദിയാകുന്നത്.
ഗ്രൂപ്പ് ഡി-യില്‍ നിന്നും ഒന്നാം സ്ഥാനത്തുള്ള സൗത്ത് ആഫ്രിക്ക മാത്രമാണ് നിലവില്‍ സൂപ്പര്‍ എട്ടിന് യോഗ്യത നേടിയത്. ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാം സ്ഥാനത്തുള്ള ബംഗ്ലാദേശും മൂന്നാം സ്ഥാനത്തുള്ള നെതര്‍ലന്‍ഡ്‌സും തമ്മില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് സൂപ്പര്‍ എട്ടിലേക്ക് ഒരു അടി കൂടി അടുക്കാന്‍ സാധിക്കും.
മത്സരത്തില്‍ ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട് എഡ്വാര്‍ഡ്‌സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കം പിഴച്ചു. ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും സൂപ്പര്‍ താരം ലിട്ടണ്‍ ദാസും ഓരോ റണ്‍സ് നേടി പുറത്തായി. ആര്യന്‍ ദത്താണ് ഇരുവരെയും മടക്കിയത്. ഷാന്റോ വിക്രംജീത് സിങ്ങിന് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ടിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ദാസ് തിരിച്ചുനടന്നത്.
നാലാം ഓവറിലെ ആദ്യ പന്തിലാണ് ലിട്ടണ്‍ ദാസ് മടങ്ങിയത്. ആര്യന്‍ ദത്തിന്റെ പന്ത് സിക്‌സറിന് പറത്താന്‍ ശ്രമിച്ച ലിട്ടണ്‍ ദാസിന് പിഴച്ചു. ഉയര്‍ന്നുപൊങ്ങിയ പന്ത് ഡീപ് സ്‌ക്വയര്‍ ലെഗില്‍ നിന്നും ഓടിയെത്തിയ എന്‍ഗല്‍ബ്രെക്ട് ഒരു തകര്‍പ്പന്‍ ഡൈവിങ് ക്യാച്ചിലൂടെ കൈപ്പിടിയിലൊതുക്കി. ഈ ക്യാച്ചെടുക്കാനായി 26 മീറ്ററാണ് താരം ഓടിയെത്തിയത്.
ദാസിനെ പുറത്താക്കിയ ഈ ക്യാച്ചിനൊപ്പം 2008 അണ്ടര്‍ 19ലോകകപ്പില്‍ എന്‍ഗല്‍ബ്രെക്ട് നേടിയ ക്യാച്ചും ചര്‍ച്ചയാകുന്നുണ്ട്. അന്ന് സൗത്ത് ആഫ്രിക്കക്ക് വേണ്ടിയാണ് താരം കളത്തിലിറങ്ങിയത്. അന്ന് പ്രോട്ടിയാസ് യുവരക്തങ്ങള്‍ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ ടീമിലെ പ്രധാന താരമായിരുന്നു എന്‍ഗല്‍ബ്രെക്ട്.
അതേസമയം, നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 159റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ് ഇന്നിങ്‌സ് അവസാനിപ്പച്ചത്. ഷാകിബ് അല്‍ ഹസന്റെ അര്‍ധ സെഞ്ച്വറിയാണ് ബംഗ്ലാദേശിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 46 പന്ത് നേരിട്ട് ഒമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെ പുറത്താകാതെ 64 റണ്‍സാണ് ഷാകിബ് നേടിയത്.