2024 ടി-20 ലോകകപ്പ് സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്ക് വിജയം. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിനാണ് ലോകകപ്പിന്റെ സഹ ആതിഥേയരായ അമേരിക്കയെ പ്രോട്ടിയാസ് പരാജയപ്പെടുത്തിയത്.
സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 195 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എസ്.എ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176ന് പോരാട്ടം അവസാനിപ്പിച്ചു.
കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ യു.എസ്.എക്ക് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആന്‍ഡ്രീസ് ഗൗസിന്റെ വെടിക്കെട്ടാണ് യു.എസ്.എ ഇന്നിങ്‌സിനെ താങ്ങി നിര്‍ത്തിയത്. 47 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സറും അടക്കം പുറത്താകാതെ 80 റണ്‍സാണ് താരം നേടിയത്.
ആറാം വിക്കറ്റില്‍ ഹര്‍മീത് സിങ്ങിനൊപ്പം ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഗൗസ് ഒരുവേള അമേരിക്കയെ വിജയിപ്പിക്കുമെന്ന് പോലും തോന്നിച്ചു.
തബ്രായിസ് ഷംസിയെറിഞ്ഞ 18ാം ഓവറില്‍ മൂന്ന് പടുകൂറ്റന്‍ സിക്‌സറുകളടക്കം 22 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. എന്നാല്‍ 19ാം ഓവറിലെ ആദ്യ പന്തില്‍ സിങ്ങിനെ കഗിസോ റബാദ മടക്കിയതോടെ യു.എസ്.എ പരാജയം മുമ്പില്‍ കണ്ടുതുടങ്ങി.
22 പന്തില്‍ 38 റണ്‍സ് നേടി നില്‍ക്കവെ ഖബാദയുടെ പന്തില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
പിന്നാലെയെത്തിയ ജസ്ദീപ് സിങ്ങിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയതോടെ യു.എസ്.എ 18 റണ്‍സകലെ പോരാട്ടം അവസാനിപ്പിച്ചു.
സൗത്ത് ആഫ്രിക്കക്കായി കഗീസോ റബാദ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കേശവ് മഹാരാജ്, ആന്‌റിക് നോര്‍ക്യ, തബ്രായിസ് ഷംസി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേരത്തെ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 40 പന്തില്‍ 74 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഏഴ് ബൗണ്ടറിയും അഞ്ച് പടുകൂറ്റന്‍ സിക്‌സറും അടക്കം 185.00 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഡി കോക്കിന്റെ വെടിക്കെട്ട്.
ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രമിന്റെ ഇന്നിങ്‌സും ടോട്ടലില്‍ തുണയായി. 32 പന്തില്‍ 46 റണ്‍സാണ് താരം സ്വന്തമാക്കിയത്. 22 പന്തില്‍ 36 റണ്‍സ് നേടിയ ക്ലാസനും 16 പന്തില്‍ 20 റണ്ണടിച്ച ട്രിസ്റ്റണ്‍ സ്റ്റബ്‌സും തങ്ങളുടേതായ സംഭാവനകള്‍ ടീം ടോട്ടലിലേക്ക് നല്‍കി.
ഡേവിഡ് മില്ലര്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും മികച്ച സ്‌കോര്‍ കണ്ടെത്താനും ഒടുവില്‍ മത്സംര വിജയി്കാനും പ്രോട്ടിയാസിനായി.
യു.എസ്.എക്കായി സൗരഭ് നേത്രാവല്‍ക്കറും ഹര്‍മീത് സിങ്ങും രണ്ട് വിക്കറ്റ് വീതം നേടി.
ജൂണ്‍ 21നാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം. ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ് എതിരാളികള്‍.
ജൂണ്‍ 22നാണ് ഈ ലോകകപ്പിന്റെ രണ്ട് ആതിഥേയരും പരസ്പരമേറ്റുമുട്ടുന്നത്. കെന്‍സിങ്ടണ്‍ ഓവലാണ് യു.എസ്.എ – വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിന് വേദിയാകുന്നത്.
Content Highlight: T20 World Cup 2024: Super 8: South Africa defeated USA