2024 ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ഗ്രോസ് ഐലറ്റിലെ ഡാരന്‍ സമി ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
മത്സരത്തില്‍ ടോസ് വിജയിച്ചാല്‍ തങ്ങളും ഫീല്‍ഡിങ് തന്നെ തെരഞ്ഞെടുക്കുമെന്നാണ് രോഹിത് ശര്‍മയും പറഞ്ഞത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. രണ്ടാം ഓവറിലെ നാലാം പന്തില്‍ വിരാട് കോഹ്‌ലി പൂജ്യത്തിന് പുറത്തായി. അഞ്ച് പന്ത് നേരിട്ട് ക്രീസില്‍ തുടരവെ ജോഷ് ഹെയ്‌സല്‍വുഡ് വിരാടിനെ ടിം ഡേവിഡിന്റെ കൈകളിലെത്തിച്ച് മടക്കുകയായിരുന്നു. ഈ ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് വിരാട് പൂജ്യത്തിന് പുറത്താകുന്നത്.
വിരാട് പുറത്തായതിന് പിന്നാലെ സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതല രോഹിത് ഒറ്റയ്ക്ക് ഏറ്റെടുത്തു. മിച്ചല്‍ സ്റ്റാര്‍ക്കെറിഞ്ഞ മൂന്നാം ഓവറില്‍ നാല് പടുകൂറ്റന്‍ സിക്‌സറുകളാണ് രോഹിത് അടിച്ചെടുത്തത്. ആ ഓവറില്‍ പിറന്നതാകട്ടെ 29 റണ്‍സും.
മത്സരത്തിന്റെ അഞ്ചാം ഓവറിനിടെ മഴപെയ്ത് മത്സരം അല്‍പസമയം തടസ്സപ്പെട്ടിരുന്നു. 4.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 എന്ന നിലയില്‍ നില്‍ക്കവെയാണ് മഴയെത്തിയത്. ഈ സാഹചര്യത്തില്‍ 14 പന്ത് നേരിട്ട് 41 റണ്‍സുമായാണ് രോഹിത് ക്രീസില്‍ തുടര്‍ന്നത്.
മഴയെത്തിയതോടെ രോഹിത്തിന്റെ മൊമെന്റം നഷ്ടപ്പെടുമോ എന്നാണ് ആരാധകര്‍ ഭയന്നത്. എന്നാല്‍ മഴമാറി കളി പുനരാരംഭിച്ചപ്പോള്‍ രോഹിത് വീണ്ടും വെടിക്കെട്ട് തുടര്‍ന്നു.
അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 52ന് ഒന്ന് എന്ന നിലയിലായിരുന്നു. രോഹിത്താകട്ടെ 19 പന്തില്‍ 50* എന്ന നിലയിലും. ടീം സ്‌കോറും വ്യക്തിഗത സ്‌കോറും ഒന്നിച്ച് ഫിഫ്റ്റി പൂര്‍ത്തിയാക്കുന്ന അത്യപൂര്‍വ നേട്ടമാണ് രോഹിത് ഓസീസിനെതിരെ കുറിച്ചത്.
അതേസമയം, എട്ട് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. എട്ടാം ഓവറിലെ അവസാന പന്തില്‍ 14 പന്തില്‍ 15 റണ്‍സ് നേടിയ റിഷബ് പന്തിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. മാര്‍കസ് സ്‌റ്റോയ്‌നിസിന്റെ പന്തില്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.