|

5/5; കടുവകള്‍ക്കും രക്ഷയില്ല; വീണ്ടും പടുകൂറ്റന്‍ ജയവുമായി ഇന്ത്യ; ഒന്നാമത്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് സൂപ്പര്‍ 8ല്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 50 റണ്‍സിന്റെ കൂറ്റന്‍ വിജയവുമായി ഇന്ത്യ. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 146/8 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.

മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെയാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 27 പന്തില്‍ പുറത്താകാതെ 50 റണ്‍സാണ് പാണ്ഡ്യ നേടിയത്. മൂന്ന് സിക്സറും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്സ്.

പാണ്ഡ്യക്ക് പുറമെ 28 പന്തില്‍ 37 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയും 24 പന്തില്‍ 36 റണ്‍സ് നേടി റിഷബ് പന്തുമാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്ത മറ്റ് ബാറ്റര്‍മാര്‍. 11 പന്തില്‍ 23 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തന്റേതായ സംഭവാനകള്‍ ടോട്ടലിലേക്ക് നല്‍കി.

ബംഗ്ലാദേശിനായി തന്‍സിം ഹസന്‍ സാകിബും റിഷാദ് ഹൊസൈനും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷാകിബ് അല്‍ ഹൊസൈന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ലിട്ടണ്‍ ദാസും തന്‍സിദ് ഹസനും ചേര്‍ന്ന് 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

മികച്ച രീതിയില്‍ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തവെ ദാസിനെ പുറത്താക്കി ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. ഹര്‍ദിക്കിന്റെ സ്ലോ ഡെലിവെറിയില്‍ സൂര്യകുമാര്‍ യാദവിന്റെ കയ്യിലൊതുങ്ങിയാണ് ദാസ് പുറത്തായത്. 10 പന്തില്‍ 13 റണ്‍സാണ് താരം നേടിയത്.

രണ്ടാം വിക്കറ്റിലും മോശമല്ലാത്ത കൂട്ടുകെട്ട് പിറന്നെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ ബംഗ്ലാദേശിനെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു. 32 പന്തില്‍ 40 റണ്‍സ് നേടിയ ക്യപ്റ്റന്‍ ഷാന്റോയാണ് ടോപ് സ്‌കോറര്‍.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി. ബുംറയും അര്‍ഷ്ദീപും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

മികച്ച ഓള്‍ റൗണ്ട് പ്രകടനം നടത്തിയ ഹര്‍ദിക് പാണ്ഡ്യയാണ് കളിയിലെ താരം.

ഈ വിജയത്തിന് പിന്നാലെ 2024 ടി-20 ലോകകപ്പില്‍ കളിച്ച അഞ്ച് മത്സരത്തില്‍ അഞ്ചിലും വിജയിക്കാനും ഇന്ത്യക്കായി. ഇതോടെ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് ഇന്ത്യ. സൂപ്പര്‍ എട്ടില്‍ രണ്ട് മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് ഇന്ത്യക്കുള്ളത്.

ജൂണ്‍ 24നാണ് സൂപ്പര്‍ 8ലെ ഇന്ത്യയുടെ അവസാന മത്സരം. ഡാരന്‍ സമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് എതിരാളികള്‍.

Content Highlight: T20 World Cup 2024: Super 8: India defeated Bangladesh