| Thursday, 20th June 2024, 11:49 pm

ലോകകപ്പിലും അഫ്ഗാനിസ്ഥാനെതിരെയും നൂറ് ശതമാനം വിജയം; സൂപ്പര്‍ 8ല്‍ സൂപ്പറായി ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പില്‍ തങ്ങളുടെ ആദ്യ സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ 47 റണ്‍സിന്റെ മികച്ച വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന് 134 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

ലോകകപ്പില്‍ ഇതുവരെ കളിച്ച എല്ലാ മത്സരത്തിലും ഇന്ത്യ വിജയിച്ച ഇന്ത്യ തങ്ങളുടെ അപരാജിത യാത്ര തുടരുകയാണ്. ടി-20 ഫോര്‍മാറ്റിലും ഐ.സി.സി ടൂര്‍ണമെന്റുകളിലും അഫ്ഗാനിസ്ഥാനോട് ഇതുവരെ തോറ്റിട്ടില്ല എന്ന തങ്ങളുടെ സ്ട്രീക് നിലനിര്‍ത്താനും ഈ വിജയത്തോടെ ഇന്ത്യക്കായി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലേക്കുയര്‍ന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ളവര്‍ നിരാശപ്പെടുത്തിയപ്പോഴാണ് സ്‌കൈ ഇന്ത്യയുടെ രക്ഷകനായത്.

28 പന്ത് നേരിട്ട് അഞ്ച് ഫോറും മൂന്ന് തകര്‍പ്പന്‍ സിക്സറും അടക്കം 53 റണ്‍സാണ് താരം നേടിയത്. 189.29 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലായിരുന്നു സൂര്യയുടെ വെടിക്കെട്ട്.

വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും തന്റേതായ സംഭാവനകള്‍ നല്‍കി. 24 പന്തില്‍ 32 റണ്‍സാണ് താരം നേടിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് ഇന്ത്യ നേടിയത്.

അഫ്ഗാനിസ്ഥാനായി ക്യാപ്റ്റന്‍ റാഷിദ് ഖാനാണ് തകര്‍ത്തെറിഞ്ഞത്. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം നേടിയത്. റിഷബ് പന്ത്, വിരാട് കോഹ്‌ലി, ശിവം ദുബെ എന്നിവരെയാണ് റാഷിദ് മടക്കിയത്.

ക്യാപ്റ്റന് പുറമെ ഫസലാഖ് ഫാറൂഖിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നവീന്‍ ഉള്‍ ഹഖാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്. അക്സര്‍ പട്ടേല്‍ റണ്‍ ഔട്ടായി മടങ്ങുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കത്തിലേ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 23 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ അഫ്ഗാനിസ്ഥാന് നഷ്ടമായി.

അസ്മത്തുള്ള ഒമര്‍സായ്, ഗുലാബ്ദീന്‍ നായിബ്, നജിബുള്ള സദ്രാന്‍ എന്നിവര്‍ ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിക്കാനോ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനോ അഫ്ഗാനിസ്ഥാനെ അനുവദിച്ചില്ല.

20 പന്തില്‍ 26 റണ്‍സ് നേടി ഒമര്‍സായ് ആണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍.

ഒടുവില്‍ ഇന്നിങ്‌സിന്റെ അവസാന പന്തില്‍ അവസാന വിക്കറ്റും വീണതോടെ 134 റണ്‍സ് എന്ന നിലയില്‍ അഫ്ഗാനിസ്ഥാന്‍ പോരാട്ടം അവസാനിപ്പിച്ചു.

ഇന്ത്യക്കായി ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

സൂപ്പര്‍ എട്ടില്‍ ബംദഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ജൂണ്‍ 22ന് സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയമാണ് മറ്റൊരു ഏഷ്യന്‍ ക്ലാഷിന് വേദിയാകുന്നത്.

Content Highlight: T20 World Cup 2024: Super 8: India defeated Afghanistan

We use cookies to give you the best possible experience. Learn more