ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 8ല്‍ ഇന്ത്യ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുകയാണ്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍. മത്സരത്തില്‍ വിജയസാധ്യത കല്‍പിക്കുന്നത് ഇന്ത്യക്കാണ്.
ലോകകപ്പില്‍ ഇതുവരെ പരാജയമറിയാതെ മുമ്പോട്ട് കുതിക്കുന്ന ഇന്ത്യ ഈ മത്സരത്തിലും വിജയിച്ച് കുതിപ്പ് തുടരാനാണ് രോഹിത്തും സംഘവും ഒരുങ്ങുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.
ഈ ലോകകപ്പില്‍ വിരാട് കോഹ്‌ലി മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച ആദ്യ മത്സരമായിരുന്നു ഇത്. 28 പന്ത് നേരിട്ട് 37 റണ്‍സാണ് താരം നേടിയത്. മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 132.14 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് വിരാട് റണ്ണടിച്ചുകൂട്ടിയത്.
ഈ മത്സരത്തില്‍ ആറ് റണ്‍സ് കണ്ടെത്തിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് വിരാട് കോഹ്‌ലി സ്വന്തമാക്കിയത്. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ നിന്നുമായി 3500 റണ്‍സെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമാണ് വിരാട്.
ഐ.സി.സി ഏകദിന ലോകകപ്പ്, ഐ.സി.സി ടി-20 ലോകകപ്പ്, ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി എന്നീ ടൂര്‍ണമെന്റുകളില്‍ നിന്നുമാണ് വിരാട് 3500 റണ്‍സെന്ന മാര്‍ക് പിന്നിട്ടത്.
അതേസമയം, ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ 134ന് നാല് എന്ന നിലയിലാണ്. 14 പന്തില്‍ 10 റണ്‍സുമായി ശിവം ദുബെയും 11 പന്തില്‍ 18 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍.