ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതിഹാസ നേട്ടവുമായി മുന്‍ ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്‍. ടി-20 ലോകകപ്പുകളില്‍ നിന്നുമായി 50 വിക്കറ്റ് എന്ന ചരിത്ര നേട്ടമാണ് താരം സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ താരമാണ് ഷാകിബ് അല്‍ ഹസന്‍.
സൂപ്പര്‍ 8ല്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പുറത്താക്കിയതിന് പിന്നാലെയാണ് ഷാകിബ് ഈ നേട്ടത്തിലെത്തിയത്. സര്‍ വിവിയന്‍ റിച്ചാര്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ നാലാം ഓവറിലെ നാലാം പന്തില്‍ രോഹിത്തിനെ ജാകിര്‍ അലിയുടെ കൈകളിലെത്തിച്ചാണ് താരം മടക്കിയത്.
ലോകകപ്പിലെ 40ാം ഇന്നിങ്‌സിലാണ് ഷാകിബ് ഈ ഐതിഹാസിക നേട്ടം സ്വന്തമാക്കിയത്.
9 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് താരത്തിന്റെ മികച്ച ബൗളിങ് ഫിഗര്‍. ലോകകപ്പില്‍ നാല് വിക്കറ്റ് നേട്ടം മൂന്ന് തവണയാണ് ഷാകിബ് സ്വന്തമാക്കിയത്.
ടി-20 ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ഷാഹിദ് അഫ്രിദിയെക്കാളും മൂന്നാം സ്ഥാനത്തുള്ള ലസിത് മലിംഗയേക്കാളും എത്രയോ മുമ്പിലാണ് ഷാകിബ്. നാലാമതുള്ള വാനിന്ദു ഹസരങ്കയാണ് ആക്ടീവ് പ്ലെയേഴ്സില്‍ രണ്ടാമതുള്ളത്.
ടി-20 ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങള്‍
(താരം – ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)
ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 50*
ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – 39
ലസിത് മലിംഗ – ശ്രീലങ്ക – 38
വാനിന്ദു ഹസരങ്ക – ശ്രീലങ്ക – 37
സയീദ് അജ്മല്‍ – പാകിസ്ഥാന്‍ – 36
ടിം സൗത്തി – ന്യൂസിലാന്‍ഡ് – 36
ഈ ലോകകപ്പില്‍ ഷാകിബിന്റെ മൂന്നാം വിക്കറ്റാണിത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന ബംഗ്ലാദേശ് – നേപ്പാള്‍ മത്സരത്തില്‍ താരം രണ്ട് വിക്കറ്റ് നേടിയിരുന്നു.
അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ 71ന് ഒന്ന് എന്ന നിലയിലാണ്. 27 പന്തില്‍ 37 റണ്‍സുമായി വിരാട് കോഹ്‌ലിയും പത്ത് പന്തില്‍ ഒമ്പത് റണ്‍സുമായി റിഷബ് പന്തുമാണ് ക്രീസില്‍.